ഒരു സുരക്ഷയുമില്ലാതെ കഴക്കൂട്ടം അടൂർ സുരക്ഷാ ഇടനാഴി

ലോക ബാങ്കിന്റെ സഹായത്തോടെ മൂന്നു ജില്ലകളിലൂടെ  കടന്നു പോകുന്ന കഴക്കൂട്ടം -അടുർ മാതൃകാ സുരക്ഷാ ഇടനാഴിയിൽ യാത്രക്കാർ സുരക്ഷിതരല്ല. 

ഇന്നലെയും ചന്തവിള കിൻഫ്രയ്ക്കു സമീപം ഒരു ജീവൻ കൂടി അപകടത്തിൽ പൊലിഞ്ഞു.   വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽകോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി എറണാകുളം കോതമംഗലം ചെറുവത്തൂർ തേമാംകുഴി മഹാദേവ ക്ഷേത്രത്തിനു സമീപം ചിറയ്ക്കൽ ഹൗസിൽ നിതിൻ സി. ഹരിയാണ് ( 22 ) മരിച്ചത്.  ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി‍ പി.എസ് വിഷ്ണു ( 21 )നെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

ഇക്കഴിഞ്ഞ മാസം മാത്രം കാട്ടായിക്കോണത്തും കോലിയക്കോടും ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു. എംസി റോഡിലെ വാഹനാപകടങ്ങൾ കുറയ്ക്കാനാണ് ‘സുരക്ഷിത റോഡിന്റെ നിർമാണം തുടങ്ങിയത്. കോടികൾ മറിഞ്ഞതല്ലാതെ ഇന്നും രൂപരേഖയിലെ സുരക്ഷിത റോഡ് യാഥാർഥ്യമായിട്ടില്ല. 2016  ഡിസംബറിൽ ഉദ്ഘാടന വേദിയിൽ 16 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും ഇനി അപകടമില്ലാത്ത യാത്ര തരപ്പെടുമെന്നും മാതൃകാ ഇടനാഴി ഒരുങ്ങുകയാണെന്നും അന്നത്തെ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു.

എന്നാൽ ഇഴഞ്ഞു നീങ്ങിയ നിർമാണം ഇനിയും പൂർണതയിലെത്തിയില്ലെന്നു മാത്രമല്ല ദിവസവും അപകടങ്ങളും‍ വർദ്ധിക്കുകയാണ്.  കെഎസ്ടിപിക്കായിരുന്നു നിർമാണ ചുമതല.  സുരക്ഷാ ക്രമീകരണത്തിന് സർക്കാരിന്റെ വിവിധവകുപ്പുകളുടെ സംയുക്ത സമിതികളും രൂപീകരിച്ചിരുന്നു. ഇവർക്ക്‍ വേണ്ടുന്ന പരിശീലനത്തിനു തന്നെ ലക്ഷങ്ങളാണ് ചെലവാക്കിയത്.

കുട്ടികൾക്കും പുതിയ റോഡിനെ പരിചയപ്പെടുത്താൻ പ്രത്യേകം ക്ലാസുകളും നടത്തി. ആകെ 146.67 കോടിയായിരുന്നു നിർമാണ ചെലവ് പറഞ്ഞിരുന്നത്.  ഇതിൽ റോഡ് സുരക്ഷാ ക്രമീകരണത്തിനായി മാത്രം 65 കോടിയാണ് മാറ്റിവച്ചിരുന്നത്.  28 ജംക്ഷനുകളുടെ നവീകരണമാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതിൽ പോത്തൻകോട് ജംക്ഷനു വേണ്ടി നാറ്റ്പാക് തയ്യാറാക്കിയ രൂപരേഖ ഇപ്പോഴും ഫയലിൽ തന്നെയുണ്ട്.  ഇനി എന്നെങ്കിലും സുരക്ഷിതയാത്രയിൽ ഈ റോഡ് മാതൃകയാകുമോ എന്നാണ് അറിയേണ്ടത്.