വെമ്പായം കന്യാകുളങ്ങരയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ തീകത്തി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.

വെഞ്ഞാറമൂട് : കന്യാകുളങ്ങരയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ തീകത്തി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.ഇടുക്കുംതല സ്വദേശി അഭിഷേക്(22) വെഞ്ഞാറമൂട് സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. രാഹുലിനൊപ്പം ബൈക്കിലുണ്ടായിരുന്ന അരുണിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി പതിനൊന്നോടെ കന്യാകുളങ്ങര പെട്രോൾ പമ്പിന് സമീപം രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തീകത്തിയാണ് അപകടം. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു. ബൈക്കുകള്‍ അമിതവേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

ബൈക്കുകള്‍ രണ്ടും കൂട്ടിയിടിച്ച്‌ നിയന്ത്രണംവിട്ട് അതുവഴി വന്ന ഒരു ജീപ്പിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിലാണ് ഒരു ബൈക്കിലേക്ക് തീ പടര്‍ന്നത്.

നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചെങ്കിലും അഗ്നി ശമനസേന എത്തുന്നതിനു മുൻപേ തന്നെ സമീപത്തുള്ള പെട്രോള്‍ പമ്പിൽ നിന്നും അഗ്നി ശമനോപകരണം ഉപയോഗിച്ച്‌ നാട്ടുകാര്‍ തീ അണച്ചു.