നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്ന് മാസം കഴിഞ്ഞിട്ടും സ്മാർട് വില്ലേജ് ഓഫിസ് മന്ദിരങ്ങളുടെ നിർമാണം അനിശ്ചിതത്വത്തിൽ.കിളിമാനൂർ, വെള്ളല്ലൂർ വില്ലേജ് ഓഫിസുകളുടെ നിർമാണമാണ് 6 മാസം കഴിഞ്ഞിട്ടും തുടങ്ങാത്തത്.
കെട്ടിടങ്ങൾ അപകടാവസ്ഥയിലായതിനെ തുടർന്ന് 2 വില്ലേജ് ഓഫിസുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. 2 വർഷം മുൻപാണ് കിളിമാനൂർ വില്ലേജ് ഓഫിസ് പ്രവർത്തനം സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. വെള്ളല്ലൂർ വില്ലേജ് ഓഫിസ് ജൂലൈ മാസത്തിലാണ് കാട്ടുചന്തയിൽ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ഇവിടെ 8 മാസമായി വില്ലേജ് ഓഫിസറും ഇല്ല. 5 ജീവനക്കാർ ഉള്ള ഇവിടെ 3 ജീവനക്കാർ മാത്രമേ ഉള്ളു.44 ലക്ഷം രൂപയാണ് ഓരോ വില്ലേജ് മന്ദിരത്തിനും അനുവദിച്ചത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് പൊതുമരാമത്ത് കെട്ടിടം വിഭാഗം നിശ്ചയിച്ച തുക കൂടുതൽ ആയതിനാൽ പഴയ കെട്ടിടം പൊളിക്കുന്നതിന് ആരും കരാർ എടുക്കാത്തതാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം അനന്തമായി നീളുന്നത്. ഇതിനിടയിൽ ഒരാഴ്ച മുൻപ് കിളിമാനൂർ പഴയ വില്ലേജ് കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലി ആരംഭിച്ചുവെങ്കിലും ഇനിയും പൂർത്തിയായില്ല. വെള്ളല്ലൂർ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഇനിയും നടപടികൾ ആയില്ല.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാലെ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ കഴിയൂ.ഒട്ടേറെ പരിമിതികൾ സഹിച്ചാണ് കിളിമാനൂർ, വെള്ളല്ലൂർ വില്ലേജ് ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.
സർക്കാർ സംവിധാനങ്ങളിൽ ഒഴിയാബാധ ആയിട്ടുള്ള ചുവപ്പുനാടയാണ് കിളിമാനൂർ, വെള്ളല്ലൂർ സ്മാർട്ട് വില്ലേജ് മന്ദിരങ്ങളുടെ നിർമാണത്തിലും സംഭവിച്ചതെന്ന് നാട്ടുകാരുടെ ആക്ഷേപം.