വിദ്യയെന്നാൽ അറിവാണ്. വിദ്യാരംഭമെന്നാൽ അറിവിന്റെ ലോകത്തേക്കുളള ചുവടുവയ്പാണ്. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭമായി ആചരിക്കുന്നത്. അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവയ്ക്കുന്ന ദിനം. കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു.
അച്ഛനോ, അമ്മയോ, ഗുരുവോ, ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി ശുദ്ധമായ മണലിലോ അരിയിലോ
‘ഹരിഃ ശ്രീഗണപതയേ നമഃ’
എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. അതിനുശേഷം സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു.
മൂന്നോ അഞ്ചോ വയസിലാണ് പൊതുവേ കുട്ടികളെ വിദ്യാരംഭം ചടങ്ങിനിരുത്തേണ്ടത്. രണ്ട്, നാല് തുടങ്ങിയ ഇരട്ട സംഖ്യ വരുന്ന വയസിൽ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല എന്നും കരുതപ്പെടുന്നു. വിജയദശമി ദിവസത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ലൊരു ശുഭദിനമാണ് വിജയദശമി ദിനം.