വർക്കല ബീച്ചിലെ ഹെലിപ്പാഡിൽ ബൈക്കിലും കാറിലും എത്തുന്ന സംഘങ്ങൾ വാഹനങ്ങളുമായി അഭ്യാസപ്രകടനം പതിവാക്കുന്നതായി പരാതി.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ബൈക്ക് ഉൾപ്പെടെ വാഹനങ്ങളിലാണ് ഒരു സംഘം എത്തുന്നത്. ഹെലിപ്പാഡിൽ വിശാലമായ സ്ഥലസൗകര്യം മുതലാക്കിയാണ് ഇവരുടെ വിലസൽ. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ഒരു ജീപ്പുമായി എത്തിയ യുവാവ് അമിതവേഗത്തിൽ ചുറ്റിത്തിരിയുന്ന വേളയിൽ മറിഞ്ഞു കാലിന് പരുക്കേറ്റു ആശുപത്രിയിലാക്കി.കടൽത്തീര കാഴ്ച ആസ്വദിക്കാൻ ഏറെപ്പേരും നേരെ ഹെലിപ്പാഡ് ഭാഗത്തേക്കാണ് എത്തുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ വന്നെത്തുന്ന ഹെലിപ്പാഡിൽ ഭാഗത്ത് അവധി ദിവസങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെടാറുള്ളതാണ്. എന്നാൽ ഈ തിരക്കിനിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ എത്തുന്നവരെ നേരിടാൻ പൊലീസിന് കഴിയാതെ പോകുന്ന എന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വാഹനങ്ങളുമായി അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം പരിസരത്തെ പതിവ് കാഴ്ച്ചയെന്ന പരാതി നാട്ടുകാർ നേരത്തെ തന്നെ ഉന്നയിക്കുന്നുണ്ട്. ആർടി ഓഫിസ്‍ വർക്കലയിൽ പ്രവർത്തനക്ഷമമായിട്ടും രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കാര്യമായ നടപടിയില്ലാത്തത് നിയമലംഘനങ്ങൾ പെരുകാൻ കാരണമായി. ബീച്ച് മേഖലയിൽ പൊലീസ് നിരീക്ഷണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിന് പുറമേ റേസിങ് തടയാൻ കർശനനടപടിക്കു ആവശ്യം ശക്തമാണ്.