വീടിന്റെ സൺഷേഡ് വാർക്കുന്ന തർക്കത്തെതുടർന്ന് കൊലപാതക ശ്രമം
പ്രതി അറസ്റ്റിൽ വീടിൻറെ സൺഷേഡ് വാർക്കുന്ന തർക്കത്തെതുടർന്ന് കൊലപാതക ശ്രമം നടത്തിയ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ പഴുവടി പുത്തൻവീട്ടിൽ റജീഫ് ഖാൻ(38) ആണ് അറസ്റ്റിലായത്.
ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് ഒന്നര മണിയോടുകൂടിയാണ് സംഭവം. മടവൂർ പഴുവടി ചരുവിള പുത്തൻ വീട്ടിൽ അപ്പുവിന് പഞ്ചായത്ത് നിന്നും അനുവദിച്ച വീടിന്റെ പണി നടക്കുകയായിരുന്നു. വീടിന്റെ സൺഷേഡ് വാർക്കുന്ന സമയം പ്രതി മദ്യപിച്ചു സ്ഥലത്തെത്തുകയും സൺഷേഡ് വർക്കുന്നത് അയൽക്കാരനായ പ്രതിയുടെ പുരയിടത്തിലേക്ക് ഇറങ്ങി എന്ന് ആരോപിച്ചു പ്രശ്നമുണ്ടാക്കുകയും ചെയ്തു. തുടർന്ന് അസഭ്യം പറയുകയും പ്രതി ജോലിക്കാരെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ശേഷം പ്രതി തന്റെ വീട്ടിൽ പോയി ഒരു ഇരുമ്പ് പൈപ്പ് എടുത്തുകൊണ്ടുവന്ന് വീട്ടുടമസ്ഥനായ ഹരിയെ ആക്രമിക്കാൻ ശ്രമിക്കുകയും ഹരിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
പിടിച്ചു മാറ്റാനായി വന്ന ഹരിയുടെ ബന്ധുവും ജോലിക്കാരനുമായ സുനിലിനെയും പ്രതി ഇരുമ്പുവടികൊണ്ട് തലക്കടിച്ചു. മാരകമായി മുറിവേറ്റ സുനിലിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോവുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് വടി കണ്ടെടുത്തു.