തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർന്നു

തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർന്നു;കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാർക്ക് കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യം

തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർന്നു. സ്ഥലം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യമായി ടോൾ പ്ലാസ വഴി കടന്നു പോകാം. ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ തുടങ്ങും.

ടോൾ പ്ലാസ പ്രദേശത്ത് വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കും. ഇതിനുള്ള പ്രവർത്തികൾ ടോൾ പ്ലാസ അധികൃതർ തുടരുകയാണ്. തിരുവല്ലം ജംഗ്ഷനിൽ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെൻഡർ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിനായി പാലക്കാട് ഐഐടിയിലെ വിദഗ്ധർ എത്തി റിപ്പോർട്ട് തയ്യാറാക്കും.
 
മന്ത്രിയെ കൂടാതെ ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐഎഎസ്, എം വിൻസെന്റ് എം എൽ എ , ഡി സി പി വൈഭവ് സക്സേന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ്‌ ഡയറക്ടർ പ്രവീൺ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.