*സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തി എന്ന പരാതിയിൽ കല്ലറ സ്വദേശിനിയായ സ്കൂൾ അധ്യാപികയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.*

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച്  സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയതിനാണ് കല്ലറ സ്വദേശിനി സ്കൂൾ അധ്യാപികയായ പ്രിയ വിനോദിനെ ക്രൈം നമ്പർ 2241/ 2021 -  അണ്ടർ സെക്ഷൻ 120 / (ഓ)  ഓഫ് കെ പി ആക്ട് പ്രകാരം  വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ്അറസ്റ്റ്.     

ഈ കഴിഞ്ഞ ഒക്ടോബർ ഒന്നാം തീയതി പ്രിയ വിനോദ്  ഡി വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീമിന്റെ ചിത്രം  തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത  മോൻസൺ  മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസൻ്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ  സംസ്ഥാന  സെക്രട്ടറിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി  നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും പ്രിയ വിനോദിനെതിരെ  കേസെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് രണ്ട് പേരുടെ  ആൾ ജാമ്യത്തിൽ വിട്ടയച്ചു.