കിളിമാനൂരില്‍ നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ കൂട്ടിയിടിച്ച്നാലുപേര്‍ക്ക് പരിക്ക്*

കിളിമാനൂർ മണലയത്തുപച്ചയിൽ നിയന്ത്രണം വിട്ട കാർ തടികയറ്റി വന്ന ലോറിയിൽ ഇടിച്ച് നാലുപേർക്ക് ​ഗുരുതരപരിക്ക്. ‍കാർ യാത്രികരായ  കിളിമാനൂർ, ചെമ്പകശേരി റോസ് ഭവനിൽ രാജേഷ് (43), ചെമ്പകശേരി കാർത്തികയിൽ വിനോദ് (43), ചെമ്പകശേരി പ്ലാവിളപുത്തൻവീട്ടിൽ അജിത്ത് (43), തട്ടത്തുമല, വട്ടക്കൈത, ബിജുഭവനിൽ ബിജു (43) എന്നിവർക്കാണ് പരിക്ക്. ​ഗുരുതര പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴുമണികഴിഞ്ഞായിരുന്നു സംഭവം. തട്ടത്തുമലയിൽ നിന്നും കിളിമാനൂരിലേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാർ പെരുമ്പാവൂരിലേക്ക് തടി കയറ്റിപോകുകയായിരുന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയാിരുന്നു എന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു, കാറിനുള്ളിലുണ്ടായിരുന്നവരെ നാട്ടുകാരും പൊലീസും  പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടം സംസ്ഥാന പാതയിൽ ​ഗതാ​ഗതകുരുക്ക് സൃഷ്ടിച്ചു. ഈ അപകടം നടന്നുടൻ തടിലോറിയിൽ മറ്റൊരു ഫോർഡ് കാറും ഇടിച്ചെങ്കിലും ആ കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.