കേരളത്തിൽ ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ചവരെ തുടരുമെന്നുമാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപമായി സ്ഥിതിചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാൻ സാധ്യത. ഇതാണ് വരുംദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് ഇടയാക്കുന്നത്.