നിയന്ത്രണംവിട്ട വാൻ എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി 11 മാസം പ്രായമുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. കരകുളം കാച്ചാണി പള്ളിത്തറ പുത്തൻവീട്ടിൽ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥനായ എസ്.പി. രാജേഷിന്റെയും പ്രീജയുടെയും ഇളയമകൻ പ്രിയാൻഷ് ആണ് മരിച്ചത്. കൊല്ലംകോണം – പുളിയറക്കോണം റോഡിൽ മാടൻപാറയ്ക്കു സമീപം തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം.
ഒന്നാം പിറന്നാൾ ആഘോഷിക്കാൻ കുരുന്നിനെയും കുടുംബത്തിനെയും വിധി അനുവദിച്ചില്ല. പത്താം തീയതി നടക്കേണ്ട ആഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രിയാൻഷിനെ മരണം കവർന്നു കൊണ്ടുപോയത്. കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിനായായാണ് ഗുജറാത്തിലെ ജോലി സ്ഥലത്തു നിന്ന് രാജേഷ് ശനിയാഴ്ച നാട്ടിൽ എത്തിയത്.
കാഞ്ഞിരംകുളം നെല്ലിമൂട്ടിലെ ഭാര്യ വീട്ടിൽ നിന്ന് കുടുംബസമേതം പള്ളിത്തറ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട വാൻ തെറ്റായ ദിശയിലൂടെ വരുന്നത് കണ്ട് രാജേഷ് കാർ നിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. വാൻ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് വിളപ്പിൽ പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാലേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.