മിസ്സ് കേരളയും മിസ്സ് സൗത്ത് ഇന്ത്യയും ആയ ആറ്റിങ്ങൽ ആലംകോട് തൊട്ടിക്കൽ സ്വദേശിയുമായ അൻസി കബീർ ഇന്ന് പുലർച്ചെ കൊച്ചിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു.
കൊച്ചി• മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.