തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സമരം തുടരും

 തിരുവനന്തപുരം കോർപ്പറേഷനിൽ  നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള മേയറുടെ ശ്രമം പാളി.
 ഇനി ചര്‍ച്ചയില്ലെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു.

നികുതിയായി പിരിച്ച പണം ബാങ്കിലടയ്ക്കാതെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ആറ് ദിവസമായി സമരമിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം കൗണ്‍സില്‍ യോഗത്തില്‍ പാസ്സാക്കണം എന്നായിരുന്നു ഇന്നത്തെ ചര്‍ച്ചയില്‍ ബിജെപി ആവശ്യപ്പെട്ടത്.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ, ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന നിലപാട് മേയര്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് സമരം തുടരാനുള്ള ബിജെപി തീരുമാനം.
ഒരു മാസത്തിനുള്ളില്‍ നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയര്‍ അറിയിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവരുടെ പരാതികള്‍ പ്രത്യേകം പരിശോധിക്കും. ജനത്തിന്റെ ഒരു രൂപ പോലും നഷ്ടമാകില്ല. നികുതി സോഫ്‌റ്റെവയറിലെ പിഴവുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മേയര്‍ വ്യക്തമാക്കി.