അനാസ്ഥ തുടരുന്നു.... സഹദേവന്റെ വീടും ഇടിയുന്നു
അയിരൂർ: ഏതു നിമിഷവും ഇടിഞ്ഞു വീഴാൻ പാകത്തിലുള്ള കൂരയിൽ, മകന് താങ്ങും തണലുമായി കഴിയുന്ന അയിരൂർ മൂലഭാഗം ശോഭന വിലാസത്തിൽ കെ. സഹദേവന്റെ കെട്ടുറപ്പോട് കൂടിയ ഒരു വീട് എന്ന സ്വപ്നം ഇനിയും യഥാർഥ്യമായില്ല. ചോരുന്ന വീടിന്റെ ഒരു ഭാഗത്തെ ചുവർ കനത്ത മഴയിൽ ഇടിഞ്ഞു വീണെങ്കിലും മാനസിക വെല്ലുവിളി നേരിടുന്ന മകൻ വിഷ്ണു(32) കഷ്ടിച്ചാണ് രക്ഷപെട്ടത്. ഭാര്യയുടെ മരണത്തോടെ സഹദേവൻ മാത്രമാണ് മകന് കൂട്ടായി ഉള്ളത്. കെട്ടുറപ്പില്ലാത്ത വീട്ടിൽ മകനെ ഒറ്റയ്ക്ക് നിർത്തി പുറത്തു പോകുന്നത് അസാധ്യം. കഴിഞ്ഞ 13 വർഷമായി വീടിനു വേണ്ടി സഹായത്തിനു അപേക്ഷകൾ എല്ലാം നൽകി പഞ്ചായത്ത് അധികാരികൾക്ക് പിന്നാലെ നടക്കുകയാണ്. നിലവിലെ ചുറ്റുപാടുകളും നിലവിലെ അവസ്ഥയും എല്ലാം കണ്ടു ബോധിച്ചിട്ടും അധികൃതരുടെ അനാസ്ഥ മാത്രം തടസ്സമായി നിന്നു എന്നാണ് സഹദേവൻ പറയുന്നത്. ആകെയുള്ള 3 സെന്റ് സ്ഥലത്താണ് വീട് നിലനിൽക്കുന്നത്. ചുറ്റിലും കാടുകയറി ഇഴജന്തുക്കളുടെ ശല്യം വേറെയും. മണ്ണ് കട്ടയിൽ തീർത്ത വീടിന്റെ മേൽ തകര ഷീറ്റ് മൂടിയിട്ടുണ്ട്. മാനസിക നില തെറ്റിയ മകന്റെ ചികിത്സക്കും നല്ലൊരു തുക കണ്ടത്തണം. സൈക്കിൾ നന്നാക്കി കിട്ടുന്ന വരുമാനത്തിലാണ് ഇരുവരും കഴിയുന്നത്. വീടിന്റെ ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞതോടെ വരും ദിവസങ്ങളിൽ പെയ്യാവുന്ന മഴ കൂടുതൽ ദുരന്തം വാരുത്തുമോ എന്ന ഭീതിയിലാണ് സഹദേവൻ.........
"