ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു.

 രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ടവ്യയില്‍ നിന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജയിന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളം നടത്തിയ മികച്ച വാക്‌സിനേഷനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേര്‍ (1,11,19,633) രണ്ടു ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ എടുത്തവരാണ്. ഒന്നും രണ്ടും ഡോസും ചേര്‍ത്ത് 3,58,67,266 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുകയാണ്. ഇനി 19 ലക്ഷത്തോളം പേരാണ് ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും. ഇത്തരത്തിലുള്ളവര്‍ 10 ലക്ഷത്തോളം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ വളരെ കുറച്ച് പേരാണ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും വാക്‌സിനെടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്.

കൃത്യമായ പ്ലാനോടെയാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഡ്രൈവ് മുന്നോട്ട് കൊണ്ടുപോയത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും പൂര്‍ണമായും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിനേഷനായി രജിസ്‌ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായി, വാക്‌സിന്‍ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ എന്നിവയും നടപ്പിലാക്കി. മികച്ച രീതിയിലും വളരെ വേഗത്തിലും വാക്‌സിനേഷന് പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കുമുള്ള അംഗീകാരമാണിത്.