ആവേശകരമായ മത്സരത്തിൽ ഡൽഹിയെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈയുടെ കുതിപ്പ്. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം രണ്ടു പന്തും നാലു വിക്കറ്റും ബാക്കിനിർത്തി ചെന്നൈ മറികടന്നു.
സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തിയ ധോണി ആറു പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിൽ ജയിച്ചെത്തുന്നവരുമായി ഡൽഹിക്ക് ഫൈനൽ ബർത്തിനായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കാം.70 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 70 റണ്‍സെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. റോബിൻ ഉത്തപ്പ 44 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 63 റൺസെടുത്തു. ഈ സീസണിൽ ലഭിച്ച രണ്ട് അവസരങ്ങളിലും നിരാശപ്പെടുത്തിയ ഉത്തപ്പയെ, നിർണായക മത്സരത്തിലും കൈവിടാതിരുന്ന ചെന്നൈ മാനേജ്മെന്റിന് ലഭിച്ച സമ്മാനമായി ഈ അർധസെഞ്ചുറി
സ്കോർ ബോർഡിൽ മൂന്നു റൺസുള്ളപ്പോൾ ഫാഫ് ഡുപ്ലേസിയുടെ വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയ്ക്ക്, രണ്ടാം വിക്കറ്റിൽ വെറും 77 പന്തിൽനിന്നും 110 റൺസ് കൂട്ടിച്ചേർത്ത ഉത്തപ്പ – ഗെയ്ക്‌വാദ് സഖ്യമാണ് കരുത്തായത്.ചെന്നൈ നിരയിൽ ഫാഫ് ഡുപ്ലേസി (രണ്ടു പന്തിൽ ഒന്ന്), ഷാർദുൽ ഠാക്കൂർ (0), അമ്പാട്ടി റായുഡു (മൂന്നു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിൽനിന്ന് നാലു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ തകർന്ന ചെന്നൈയ്ക്ക്, മോയിൻ അലിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ് നടത്തിയ രക്ഷാപ്രവർത്തനമാണ് തുണയായത്.
മോയിൻ അലി 12 പന്തിൽ രണ്ടു ഫോറുകവോടെ 16 റൺസെടുത്തു. ഗെയ്‌ക്‌വാദും മോയിൻ അലിയും നിർണായക സമയത്ത് പുറത്തായെങ്കിലും ധോണിയുടെ ‘കൂൾ ഫിനിഷ്’ ചെന്നൈയെ കാത്തു. ധോണി ആറു പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്ത് പുറത്താകാതെ നിന്നു.ഡൽഹിക്കായി ടോം കറൻ 3.4 ഓവറിൽ 29 റൺസ് വഴങ്ങി മൂുന്നു വിക്കറ്റ് വീഴ്ത്തി. ആൻറിച് നോർട്യ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 47 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.