ചെമ്മരുതിയിൽ ബൈക്കിലെത്തിയ യുവാക്കൾ യുവതിയുടെ മൂന്നര പവൻ മാല പൊട്ടിച്ചു കടന്നു കളഞ്ഞു

ജോലി കഴിഞ്ഞ വീട്ടിലേക്ക് പോയ യുവതിയുടെ മൂന്നരപ്പവൻ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകൽ പൊട്ടിച്ചു കടന്ന കളഞ്ഞ സംഭവം ആവർത്തിച്ചതോടെ ചെമ്മരുതി പ്രദേശം മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയെന്നു ആക്ഷേപം

. ഒരു മാസത്തിനുള്ളിൽ പനയറ പരിസരത്ത് അര കിലോമീറ്റർ ചുറ്റളവിൽ മാത്രം മൂന്നു മോഷണങ്ങളാണ് നടന്നത്. ഇതിൽ ഒടുവിലത്തേതാണ് മാല മോഷണം. പാലിയേറ്റിവ് കെയർ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പനയറ കിഴക്കുംകര വീട്ടിൽ സൗമ്യ സജിയുടെ(35) മാലയാണ് പനയറ ക്ഷേത്രത്തിന് സമീപത്തെ റോഡിൽ നിന്നു മോഷണം സംഘം കവർന്നത്. വീട്ടിൽ എത്താറായപ്പോഴാണു  ബൈക്കിലെത്തിയ മോഷ്ടാക്കളിൽ പിറകിൽ ഇരുന്നയാൾ കൈകൊണ്ട് സൗമ്യയുടെ തലയ്ക്കു പിന്നിൽ ശക്തിയായി അടിച്ച ശേഷം മാല പൊട്ടിച്ചത്. മാലയും താലിയും അടക്കം 3.5 പവൻ നഷ്ടമായെന്നു സൗമ്യ പറയുന്നു. 

കറുത്ത നിറത്തിലുള്ള പൾസർ ബൈക്കിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു. മാലയുമായി മോഷ്ടാക്കൾ കല്ലമ്പലം ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. രണ്ടു ദിവസം മുൻപും ഇതേ ഭാഗത്ത് ഒരു വീട്ടിൽ നിന്നു 8 ജോടി ചെറിയ കമ്മലും വളയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന ആഭരണങ്ങൾ ഒരു വീട്ടിൽ നിന്നു രാത്രി കവർന്നതായി പരാതിയുണ്ട്. പനയറ എസ്എസ് ലാൻഡിൽ സുശീലയുടെ വീട്ടിൽ നിന്നാണ് ആഭരണം മോഷ്ടിച്ചത്. രാത്രി വീട് പൂട്ടി സഹോദരന്റെ വീട്ടിലേക്ക് സുശീല  പോയ വേളയിലാണ് മോഷ്ടാക്കൾ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയത്. ഒരു മാസം മുൻപ് ഒരു പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ നിന്നു ആഭരണങ്ങൾ മോഷണം പോയ സംഭവത്തിലും തുമ്പുണ്ടായിട്ടില്ല എന്നാണ് അറിവ്. 

അടുത്തടുത്തായി നടന്ന മോഷണങ്ങൾ പ്രദേശവാസികളിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമാണിത്. ദിവസങ്ങൾക്ക് മുൻപ് യുവതിയെ കെട്ടിയിട്ടു പീഡിപ്പിക്കാൻ ശ്രമിച്ച കേസും ചെമ്മരുതി മുത്താനയിലാണ് നടന്നത്. കല്ലമ്പലം പൊലീസിന്റെ പരിധിയിലാണ് മുത്താന‍ പ്രദേശം