റോഡിൽ കുഴി, വഴിയോര കച്ചവടം; കാട്ടാക്കടയിൽ അപകടം പതിവ്

കുഴികൾ നിറഞ്ഞ, വീതി കുറഞ്ഞ റോഡുകൾ ... ഇരുവശവും അനധികൃത പാർക്കിങ്ങും വഴിവാണിഭവും.  നോട്ടിസ് നൽകി ചടങ്ങ് തീർക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ റോഡ് കയ്യേറിയുള്ള വഴി വാണിഭം നീക്കാനോ,റോഡിലേക്കുള്ള ഇറക്കുകൾ പൊളിക്കാനോ തയാറാവാത്തത് സ്ഥിതി ഗുരുതരമാക്കി. കെഎസ്ആർടിസി ഡിപ്പോ മുതൽ നെയ്യാർ ഡാം മാർക്കറ്റ് റോഡുകളിലെ യാത്ര ഏറെ ദുഷ്കരം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷക്കായി തുറന്നതോടെ പട്ടണത്തിലെ തിരക്ക് കൂടി. അധ്യയനം പുനഃരാരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ പ്രശ്നമാകും.

നെയ്യാർ ഡാം റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രികർ പരുക്കേൽക്കുന്നത് പതിവായി. ഇന്നലെ രാവിലെ സർക്കാർ ആശുപത്രിക്ക് മുന്നിൽ ഉണ്ടായ അപകടത്തിൽ ആമച്ചൽ സ്വദേശി മണികുട്ടന് കാലിനു പരുക്കേറ്റു. റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് ഒരുവശത്ത് കൂടി ഓടിക്കുന്നതിനിടെ മുന്നിലെ കുഴിയിൽ വീഴാതെ മറ്റൊരു ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം.

വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും അനധികൃത പാർക്കിങ് പതിവാണ്. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇതിനു പുറമേയാണ് സ്കൂളിനും കോളജിനും മുന്നിൽ റോഡിലേക്ക് ഇറക്കി പാതയോരത്ത് അനധികൃത ഷെഡുകൾ സ്ഥാപിച്ചുള്ള വഴി വാണിഭം. റോഡിന്റെ ഇരുവശത്തുമുള്ള കടകളിൽ നിന്നുള്ള സാധനങ്ങൾ റോഡിലേക്കാണ് ഇറക്കി വച്ചിരിക്കുന്നത്. മാത്രമല്ല, വാഹനങ്ങളിൽ വരുന്നവർ കടകളിലേക്ക് പ്രവേശിക്കാതെ ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങുന്നതും ഇവർക്ക് വാഹനങ്ങ ളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതും സ്ഥിരം കാഴ്ച.

ചൂണ്ടുപലക യിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ കടകളിൽ നിന്നുള്ള സാധനങ്ങൾ റോഡിലേക്ക് ഇറക്കി വച്ചിട്ടുണ്ട്. ശേഷിക്കുന്ന റോഡിലാകട്ടെ മരണക്കുഴി കളാണ്. ഇതു കാരണം ബൈക്ക് യാത്രികർക്ക് പോലും ഏതെങ്കിലും ഒരു ഭാഗത്തു കൂടെ കുഴിയിലിറങ്ങാതെ പോകാനാവില്ല. ഇവിടെ വാഹനങ്ങളിൽ വരുന്നവരെ വാഹനത്തിൽ നിന്ന് ഇറക്കാതെ സാധനങ്ങൾ വാഹനങ്ങളിൽ എത്തിക്കാൻ കടക്കാർ മത്സരമാണ്. ഇത് കാരണം മറ്റ് യാത്രികർ ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കോളജ് ജംക്‌ഷനിൽ ഇരുനൂറ് മീറ്ററോളം ദൂരം ഷെഡ് കെട്ടി വ്യാപാരം തകൃതിയാണ്.

ബസിറങ്ങി സ്കൂളിലേക്കും കോളജിലേക്കും എത്തുന്ന വിദ്യാർഥികൾ റോഡിലൂടെ നടക്കണം. പൊലീസും പഞ്ചായത്തും പരസ്പരം പഴിചാരി രക്ഷപെടുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പൂവച്ചൽ പഞ്ചായത്ത് വഴി വാണിഭക്കാർക്കു നോട്ടിസ് നൽകിയിട്ട് നാളേറെയായി. നീക്കം ചെയ്യുമെന്ന് പറഞ്ഞ സമയ പരിധി കഴിഞ്ഞു. പൊലീസാകട്ടെ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന പാർക്കിങൊ, റോഡിലേയ്ക്കുള്ള ഇറക്കുകളോ നീക്കാൻ ഒന്നും ചെയ്യുന്നില്ല.