നവരാത്രി വിഗ്രഹങ്ങൾക്ക് ഭക്തിനിർഭരമായ സ്വീകരണം

 ഐതിഹ്യപഴമയുടെ പല്ലക്കേറി എത്തിയ നവരാത്രി വിഗ്രഹങ്ങൾക്ക് അതിർത്തിയിൽ‌ ഭക്തിനിർഭരമായ സ്വീകരണം. കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം ഇന്നലെ രാവിലെ 8 കളിയിക്കാവിളയിൽ എത്തിയ വിഗ്രഹങ്ങൾ ജനപ്രതിനിധികൾ, സായുധ പെ‍ാലീസ്, ഭക്ത സംഘടന ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് കേരളത്തിലേക്ക് ആനയിച്ചു.

എംഎൽഎമാരായ എം.വിൻസെന്റ്, കെ.ആൻസലൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.വാസു, കമ്മിഷണർ ബി.എസ് പ്രകാശ്, തമിഴ്നാട് ദേവസ്വം ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, നെയ്യാറ്റിൻകര തഹസിൽദാർ മുരളീധരൻ, ഡിവൈഎസ്പി അനിൽകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. ആനപ്പുറത്ത് എഴുന്നള്ളിച്ചിരുന്ന സരസ്വതി ദേവിയുടെ വിഗ്രഹം കോവിഡ് മാനദണ്ഡങ്ങൾ മൂലം പല്ലക്കിൽ ആണ് എത്തുന്നത്. 

അതിർത്തിയിലെ സ്വീകരണ ചടങ്ങുകൾ പത്ത് മിനിറ്റിനുള്ളിൽ പൂർത്തീകരിച്ച് വിഗ്രഹങ്ങൾ പരമ്പരാഗത രീതിയിൽ പാറശാല ശ്രീ മഹാദേവ ക്ഷേത്രം വഴി ഇടത്താവളമായി നെയ്യാറ്റിൻകര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരം  നഗരത്തിലേക്ക് ഘോഷയാത്ര ആരംഭിക്കും. പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് അനന്തപുരിയിലേക്ക് എഴുന്നള്ളുന്ന നവരാത്രി വിഗ്രഹങ്ങൾക്കു നെയ്യാറ്റിൻകരയിൽ പ്രൗ‍ഡ ഗംഭീര സ്വീകരണം നൽകി. 

സരസ്വതി ദേവിയും കുമാരസ്വാമിയും മുന്നൂറ്റിനങ്കയും ഇന്ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും. നാളെ പുലർച്ചെ വീണ്ടും യാത്ര തിരിച്ച് വൈകിട്ടോടെ അനന്തപുരിയിലെത്തും. സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. വർഷത്തിലൊരിക്കൽ മാത്രമുള്ള അസുലഭ മുഹൂർത്തത്തിൽ സരസ്വതി ദേവി, കുമാരസ്വാമി, മുന്നൂറ്റിനങ്ക എന്നിവർക്കൊപ്പം ഉണ്ണിക്കണ്ണനെയും കൺകുളിക്കെ കണ്ട് ഭക്തർ സായൂജ്യമടഞ്ഞു. രാത്രി വൈകിയും ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ ദർശിക്കാൻ നല്ല ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

ഇന്നലെ രാവിലെ പത്തരയോടെ നഗരസഭയുടെ നേതൃത്വത്തിൽ പൗരാവലി സ്വീകരണം നൽകി. നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ. സലൂജ, നഗരസഭ കൗൺസിലർമാരായ ഗ്രാമം പ്രവീൺ, ലക്ഷ്മി, മഞ്ചത്തല സുരേഷ്, ഷിബുരാജ് കൃഷ്ണ തുടങ്ങിയവരും നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദേവസ്വം കമ്മിഷണർ പ്രകാശിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ മധുസൂദനൻ നായർ, അസി. കമ്മിഷണർ ആശാ ബിന്ദു, സബ് ഗ്രൂപ്പ് ഓഫിസർ അരവിന്ദ് എസ്.ജി. നായർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പി.ആർ. രാധീഷ്, എം. സുകുമാരൻ നായർ തുടങ്ങിയവരും ചേർന്നു സ്വീകരിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ, അയ്യപ്പ സേവാസംഘം, ഗ്രാമം ബ്രാഹ്മണ സഭ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും സ്വീകരണത്തിൽ പങ്കെടുത്തു. രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും വിഗ്രഹങ്ങൾ യാത്ര തിരിക്കും. വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പും സ്വീകരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്