ജനവാസമേഖലകളില്‍ ജീവന് ഭീഷണിയായി കടുവയും പുലിയും മറ്റ് വന്യമൃഗങ്ങളും ഇപ്പോള്‍ കൂട്ടമായി ഇറങ്ങാന്‍ കാരണം ഇതാണെന്നും വനംവകുപ്പ് പറയുന്നു. ഗോവധം നിയമംമൂലം നിരോധിച്ചതിനാല്‍ കര്‍ണാടകയിലും മറ്റും പശുക്കളെ ചന്തകളില്‍ കൊണ്ടുപോയി വില്പന നടത്തുന്നതും ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ഇപ്പോഴില്ല.
അതിനാല്‍ മറ്റ് വഴികളില്ലാതെ ക്ഷീരകര്‍ഷകര്‍ വളരെ രഹസ്യമായി രാത്രികാലങ്ങളിലും മറ്റും വാഹനങ്ങളിലെത്തിച്ച് കാട്ടില്‍ കയറ്റിവിടുകയാണ്. ബത്തേരി, ബന്ദിപ്പൂര്‍, കൂടല്ലൂര്‍ മേഖലകളിലാണ് ഇത് വ്യാപകമായിരിക്കുന്നത്. കേരളത്തിെന്റ വനപരിധിയിലല്ലെങ്കിലും പശുവിനെ പിന്തുടര്ന്ന് വരുന്ന വന്യമൃഗങ്ങള്‍ കേരളത്തിലെ വനമേഖലകളിലേക്കാണ് വന്നുകയറുന്നത്.
ഇവിടത്തെ ജനവാസമേഖലകളിലാണ് പിന്നീട്, ഇവ താവളമുറപ്പിക്കുക. കറവവറ്റിയതും പ്രസവിക്കാനാകാതെ പ്രായംചെന്നവയും മച്ചിപ്പശുക്കളെയും ഇത്തരത്തില്‍ കൊണ്ടുതള്ളുന്നതായാണ് വനംവകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. മറ്റൊന്ന്, ഇത്തരം പശുക്കളുടെ പരിപാലനം കര്‍ഷകര്‍ക്ക് ഏറെ ബാധ്യത സൃഷ്ടിക്കുകയാണ്. അതിനാലാണ് ഇവയെ എങ്ങനെയും ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യം ഇൗ രീതിയിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
വനാതിര്‍ത്തികളില്‍ ഇനി സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് വനംവകുപ്പ് പറയുന്നു. മുമ്ബ് ഇത്തരം പശുക്കള്‍ മൈസൂര്‍, കോയമ്ബത്തൂര്‍ മാര്‍ക്കറ്റുകളിലേക്കാണ് പോയിരുന്നത്. കാട്ടിലേക്ക് കയറ്റിവിടുന്ന പശുക്കള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള വഴിതേടുകയാണ് ചെയ്യുക. പിന്നാലെ, ഇവയെ പിടികൂടാന്‍ കടുവയും പുലിയും മറ്റ് മൃഗങ്ങളും ഉള്‍വനങ്ങളില്‍നിന്ന് പുറത്തേക്കിറങ്ങും. പശുവിനു പിന്നാലെ പായുന്ന ഇവ പശുവിനെ പിടികൂടിയശേഷം തിരിച്ചുപോകാനാകാതെ തൊട്ടടുത്ത ജനവാസമേഖലകളില്‍ താവളമുറപ്പിക്കും. അവിടെ വളര്‍ത്തുമൃഗങ്ങളെയും പ്രദേശവാസികളെയും ആക്രമിക്കുന്ന അവസ്ഥയാണുണ്ടാകുക.