തിരുവനന്തപുരം എക്സ്പ്രസ്സിലെ കവർച്ച പ്രതികൾ മഹാരാഷ്ട്രയിൽ പിടിയിൽ.

 തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച് യാത്രക്കാരെ മയക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ ബംഗാൾ സ്വദേശികളായ സുബൈർ ഹയാം, അലി എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക്  ശേഷം പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും.

സെപ്റ്റംബര്‍ 12 ന് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ വെച്ചായിരുന്നു മോഷണം നടന്നത്. ആഗ്രയില്‍ നിന്ന് കായംകുളത്തേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന വിജയലക്ഷ്മി,മകള്‍ അഞ്ജലു, തിരുനെല്‍വേലി സ്വദേശി ഗൗസല്യ എന്നിവരാണ് മോഷണത്തിന് ഇരയായത്. ശുചിമുറിയില്‍ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ പ്രതികള്‍ മയക്കുരുന്ന് കലര്‍ത്തുകയായിരുന്നു.

ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തുപവന്‍ സ്വര്‍ണവും ആലുവയിലേക്കു വന്ന തിരുനെല്‍വേലി സ്വദേശി ഗൗസല്യയുടെ മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസാണ് സ്ത്രീകളെ അസ്വാഭാവികമായ നിലയില്‍ കണ്ടെത്തിയത്. ഇവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.