കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറി. വെങ്ങാനൂർ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ ശാന്ത(63)യെ ആണ് വെളളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ 80 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. വീടിനുള്ളിൽ രക്ത ത്തുള്ളികൾ കണ്ടെത്തിയതും ഇവരുടെ പണവും സ്വർണാഭരണങ്ങളും കാണാതായി എന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലിനെയും തുടർന്ന് പൊലീസ് വിശദ അന്വേഷണം തുടങ്ങി.
കിണർ വെള്ളം വറ്റിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും 8 പവൻ സ്വർണാഭരണവും കാണാതായി എന്നാണ് ബന്ധുക്കളുടെ പരാതി. മുങ്ങിമരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . തലയുടെ ഭാഗത്ത് മുറിവുണ്ട്. മുറിയിലും വരാന്തയിലും ആണ് രക്തക്കറ കണ്ടെത്തിയത്. വിരൽ അടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു. ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജിയുടെ നേത്യത്വത്തിലുളള പൊലീസ് സംഘം സ്ഥലതെത്തി അന്വേഷണം തുടങ്ങി.
വയോധിക സ്വർണവും പണവുമായി കിണറ്റിലേക്ക് ചാടിയതാണോയെന്ന സംശയത്തിലായിരുന്നു 30 അടിയോളം വെള്ളം വറ്റിച്ച് പരിശോധിച്ചത്. ശാന്തക്കൊപ്പം മകൾ ബിന്ദു, ഭർത്താവ് സജു, ചെറുമകൻ എന്നിവരാണ് വീട്ടിലുള്ളത്. സംഭവ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉച്ചയോടെ മകൾ മടങ്ങി എത്തിയപ്പോഴാണ് മാതാവിനെ കാണാതായതായി അറിയുന്നത്. അന്വേഷണത്തിനൊടുവിലാണ് വീട്ട് മുറ്റത്തെ കിണറിനുള്ളിൽ നിന്നു ശാന്തയുടെ മൃതദേഹം ഫയർഫോഴ്സ് കണ്ടെടുത്തത്