ഇന്നലെ അന്തരിച്ച മലയാളത്തിന്റെ സിനിമാ താരം നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ .സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് .അയ്യങ്കാളി ഹാളില്‍ രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെപൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലര്‍ച്ചെ ഒന്നരയോടെ മോഹന്‍ലാലും എത്തിയിരുന്നു.ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.
മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.