സപ്ലൈകോയുടെ വലിയതുറ ഡിപ്പോയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കെട്ടിക്കിടന്ന ഉച്ചക്കഞ്ഞി അരിയിൽ കാൽലക്ഷം കിലോ ഗ്രാം മനുഷ്യ ഉപയോഗത്തിന് കൊള്ളില്ലെന്ന് ഗുണനിലവാര പരിശോധനാ റിപ്പോർട്ട്. വൃത്തിയാക്കി വിതരണ യോഗ്യ മാക്കാൻ കഴിയാത്ത അരി കാലിത്തീറ്റയ്ക്ക‌് നൽകണം. കാലപ്പഴക്കത്തെ തുടർന്നു അരിയുടെ നിറം മഞ്ഞയായി. കീടബാധ, പുഴുക്കൂട്, പൂപ്പൽബാധ എന്നിവ കാരണം അകം പൊള്ളയായി പൊടിയുന്നു. അരി മുൻപ് എപ്പോഴെങ്കിലും മിൽ ക്ലീനിങിന് വിധേയമായിട്ടുണ്ടെന്നാണ് സംശയമെന്നും സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ സംഘം ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കായി വിതരണം ചെയ്യേണ്ട 492 ചാക്ക് അരിയാണ് കാലിത്തീറ്റയ്ക്കു നൽകുന്നത്. 7 അട്ടികളിലായി 1614 ചാക്ക് അരിയാണ് ഗോഡൗണിൽ നശിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സസ്പെൻഷനിലായ മുൻ കസ്റ്റോഡിയൻ രാജീവിന്റെ അപേക്ഷ പ്രകാരം ഓരോ അട്ടിയിൽ നിന്നും മൂന്നു വീതം സാംപിളുകൾ എടുത്ത് പുന:പരിശോധന നടത്തിയപ്പോൾ 170 ചാക്ക് അരി മാത്രമാണ് വിതരണ യോഗ്യമെന്ന് കണ്ടെത്തിയത്.
നേരിയ തോതിൽ കീടബാധയും നിറ വ്യത്യാസവും കാണപ്പെട്ട 943 ചാക്ക് അരി മിൽക്ലീനിങിന് നൽകി. 2.68 രൂപയാണ് ഒരു കിലോ വൃത്തിയാക്കൽ ചെലവ്. പൂർണമായും നശിക്കാത്ത അരിയാണ് മില്ലുകളിൽ കൊടുത്തു വൃത്തിയാക്കുന്നത്.