തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനെ സഹപ്രവർത്തകൻ സ്ക്രൂഡ്രൈവറുപയോഗിച്ച് കുത്തിക്കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി കൊലപ്പെടുത്തി. കോര്‍പറേഷനിലെ എഞ്ചിനിയറിങ് സെക്ഷനിലെ ഒഫീസ് അറ്റന്‍ഡറായ ഷിബു രഞ്ജന്‍ ആണ് മരിച്ചത്.

നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് ഇയാളെ കുത്തിയത്.

രാജാജി നഗറില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്. ഷിബു രഞ്ജന്റെ തലക്ക് സ്‌ക്രൂ ഡ്രൈവറുപയോഗിച്ച്‌ കുത്തിപരിക്കേല്‍പ്പിച്ച ശേഷം രഞ്ജിത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കന്റോണ്‍മെന്റ് പോലീസ് പ്രതിയെ പിന്നീട് പിടികൂടി.

പരിക്കേറ്റ ഷിബുവിനെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു