സുരക്ഷയില്ലാതെ വർക്കലയിലെ ബീച്ചുകൾ പരാതികൾ ഉയരുന്നു.

വര്‍ക്കല: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതോടെ വര്‍ക്കല പാപനാശം അടക്കമുള്ള തീരപ്രദേശങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

പാപനാശം പോലെ സഞ്ചാരികള്‍ എത്തുന്ന അരിവാളം, റാത്തിക്കല്‍, ആലിയിറക്കം,ഏണിക്കല്‍, ഓടയം, വെറ്റക്കട, കാപ്പില്‍, ചിലക്കൂര്‍ ബീച്ചുകളിലാണ് അപകടം പതിയിരിക്കുന്നത്. ലൈഫ് ഗാര്‍ഡുമാരുടെ കുറവാണ് പ്രധാന പ്രശ്നം. പല ബീച്ചുകളിലും ഇവരുടെ സേവനം ലഭ്യവുമല്ല. ഇതാണ് അടിക്കടി ജീവനുകള്‍ പൊലിയുന്നതിനുള്ള പ്രധാന കാരണം.

വര്‍ക്കല പാപനാശം മുതല്‍ കാപ്പില്‍ വരെ നീളുന്ന ഏഴര കിലോമീറ്റര്‍ ദൂര പരിധിയിലാണ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം വേണ്ടത്. എന്നാല്‍ പാപനാശത്ത് മാത്രമാണ് രണ്ട് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പടെ 16 ലൈഫ് ഗാര്‍ഡുകള്‍ ജോലി ചെയ്യുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 7വരെയാണ് ഇവരുടെ ഡ്യൂട്ടി സമയം. ഒരു ദിവസം 8 ലൈഫ് ഗാര്‍ഡുകളും ഒരു സൂപ്പര്‍വൈസറുമാണ് ഷിഫ്റ്റ് സമ്ബ്രദായത്തില്‍ ജോലി ചെയ്യുന്നത്. പാപനാശം മുതല്‍ തിരുവമ്ബാടി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ മാത്രമാണ് ഇവരുടെ സേവനം ലഭിക്കുന്നത്.

മറ്റ് ബീച്ചുകളില്‍ പേരിനുപോലും സുരക്ഷാ ജീവനക്കാരില്ല. ഇതാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തും മുമ്ബ് തിരയില്‍പ്പെടുന്ന ജീവനുകള്‍ നഷ്ടമാകും.

കാപ്പിലിനെ കാക്കാന്‍ ആളില്ല

പാപനാശം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് കാപ്പില്‍. ഇവിടെ പേരിനുപോലും ഒരു ലൈഫ് ഗാര്‍ഡിനെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാപ്പില്‍ അടക്കമുള്ള വര്‍ക്കലയിലെ തീരമേഖലയില്‍ രണ്ടുവര്‍ഷത്തിനിടെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 23 പേരുടെ ജീവനാണ് കടല്‍ കവര്‍ന്നത്. ഇതില്‍ 15 പേരും വിദ്യാര്‍ത്ഥികളോ യുവാക്കളോ ആയിരുന്നു.

അപകടമേഖലാ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോ‌ര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മുഖവിലയ്ക്കെടുക്കാതെ സഞ്ചാരികള്‍ കടലിലിറങ്ങുന്നതാണ് അപകടത്തിനുള്ള പ്രധാന കാരണം. ലൈഫ് ഗാര്‍ഡുമാരുടെ നിയന്ത്രണമുണ്ടെങ്കില്‍ ഇതിന് കുറവുണ്ടാകും. സ്ഥിരം അപകടമേഖലയായ കാപ്പില്‍ പൊഴിമുഖത്ത് അടുത്തകാലത്തായി ലൈഫ് ഗാ‌ര്‍ഡുമാരെ നിയമിച്ചെങ്കിലും വൈകാതെ പിന്‍വലിച്ചിരുന്നു.

ലൈഫ്ഗാര്‍ഡുമാര്‍ കൊഴിയുന്നു

താത്കാലിക വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുമാരുടെ ജോലിസ്ഥിരത ഉറപ്പാക്കാന്‍ പോലും അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇതാണ് ഇവരില്‍ പലരും ജോലി അവസാനിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ആധുനിക സംവിധാനങ്ങളില്ലാത്തതും ഇവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സ്പീഡ് ബോട്ട്, വാട്ടര്‍ സ്കൂട്ടര്‍, റസ്ക്യൂ ട്യൂബ്, ബൈനോക്കുലര്‍ തുടങ്ങിയ സംവിധാനങ്ങള്‍ പലതും ഇവര്‍ക്ക് അന്യമാണ്.

സുരക്ഷയില്ലാതെ

അരിവാളം

റാത്തിക്കല്‍

ആലിയിറക്കം

ഏണിക്കല്‍

ഓടയം

വെറ്റകട

കാപ്പില്‍

ചിലക്കൂര്‍