മുതലപ്പൊഴിയിൽ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കുന്നതിന് സ്ഥിരം സംവിധാനം വേണം: പഞ്ചായത്ത് പ്രസിഡന്റ്



മുതലപ്പൊഴി തുറമുഖ തീരത്തു അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്നതിനു സർക്കാർ തലത്തിൽ സ്ഥിരം സംവിധാനമൊരുക്കുകയാണു അഭികാമ്യമെന്നു അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അറിയിച്ചു. നിലവിൽ അദാനി ഗ്രൂപ്പിനു വിഴിഞ്ഞം തുറമുഖത്തേക്കു പാറ കൊണ്ടു പോകുന്നതിനു വേണ്ടി മാത്രമുള്ള ഡ്രജിംങ് ആണ് നടക്കുന്നത്. ഇതു മൽസ്യത്തൊഴിലാളികൾക്കു ഗുണകരമല്ല.കാലവർഷങ്ങളിൽ പൊഴിമുഖത്തു അടിഞ്ഞുകൂടുന്ന വൻതോതിലുള്ള മണൽക്കൂനകളാണു മുതലപ്പൊഴി അപകട തീരമാക്കിയിട്ടുള്ളത്.

മുതലപ്പൊഴിയുടെ വടക്കുഭാഗത്തു തീരശോഷണം അപകടകരമാം വിധം വർധിച്ചിട്ടുള്ളതു മുന്നിൽക്കണ്ടു താഴംപള്ളി, പൂത്തുറ, മാമ്പള്ളി, കായിക്കര, ചിലക്കൂർ, വെട്ടൂർ, വർക്കല വരെയുള്ള കടൽത്തീരത്തു പുലിമുട്ടുകൾ സ്ഥാപിച്ചു തീരസംരക്ഷമൊരുക്കാനും മൽസ്യബന്ധനത്തിലേർപ്പെടുന്നവർക്കു ഭയാശങ്കകളില്ലാതെ ബോട്ടുകളടക്കം തീരത്തടുപ്പിക്കുന്നതിനു വഴിയൊരുക്കുന്നതിനുള്ള നടപടിയുണ്ടാവണമെന്നും ലൈജു പറഞ്ഞു. അഞ്ചുതെങ്ങ് മുതലപ്പൊഴി മുതൽ വർക്കല വരെ കടൽത്തീരം കേന്ദ്രീകരിച്ചു പുലിമുട്ടു സ്ഥാപിക്കൽ പൂർത്തിയാവുന്നതോടെ വർക്കല പാപനാശം ഭാഗത്തു ആവർത്തിക്കുന്ന മലയിടിച്ചിലിനു ശാശ്വത പരിഹാരം കാണാനാവുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.