ചാവക്കാട് പ്രദേശത്ത് ഉച്ചഭക്ഷണത്തിന് വകയില്ലാതെ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തോടെ ചാവക്കാട് പോലീസ് തുടങ്ങിവെച്ച ഉദ്യമം വൻ വിജയമായി. ഇപ്പോൾ ഒരു ദിവസം ചുരുങ്ങിയത് നൂറിലധികം ഉച്ചഭക്ഷണപ്പൊതികളാണ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും വിതരണം ചെയ്യുന്നത്.
ഏതൊരു നാടിന്റേയും മുക്കും മൂലയും അറിയുന്നവരാണ് അതാത് പോലീസ് സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥർ. അതുപോലെത്തന്നെ അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നവരുമാണ് പോലീസുദ്യോഗസ്ഥർ.
കോവിഡ് കാലത്ത് തൃശൂർ ജില്ലയിലെ ചാവക്കാട് കടലോര മേഖലയിൽ മത്സ്യത്തൊഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്ന അടച്ചുപൂട്ടലിന്റെ ആഘാതം ഏറ്റവുമാദ്യം ശ്രദ്ധിച്ചത് അവിടത്തെ പോലീസുദ്യോഗസ്ഥരാണ്. അന്നത്തെ ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ മേപ്പിള്ളിയുടെ നേതൃത്വത്തിൽ സന്മനസ്സുള്ളവരുടേയും ചില സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ പാവപ്പെട്ടവർക്ക് ലോക്ക്ഡൌൺ കാലം മുഴുവനും ഭക്ഷ്യവസ്തു കിറ്റുകളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷൻ അധികാര പരിധിയിലെ വീടുകൾ സന്ദർശിച്ച വേളയിൽ തോന്നിയ ആശയത്തിലൂടെ പോലീസുദ്യോഗസ്ഥർക്കുള്ള ഭക്ഷണത്തോടൊപ്പം പത്തുപേർക്ക് കഴിക്കാനുള്ള ഭക്ഷണം കൂടി പോലീസ് മെസ്സിൽ തയ്യാറായി. ഊണ് പൊതികളാക്കി പോലീസ് സ്റ്റേഷന്റെ മുന്നിൽ വിതരണം തുടങ്ങിയത് പൊതുജനങ്ങൾ പരസ്പരം പറഞ്ഞറിഞ്ഞും, മാധ്യമങ്ങൾ വഴിയും പരസ്യമായി. തുടർന്ന് വീടുകളിൽ കല്യാണവും പിറന്നാളും, ആഘോഷവും നടക്കുമ്പോൾ അവരിൽ ചിലർ സ്വമേധയാ ഭക്ഷണപ്പൊതികളുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത് പതിവായി. ഒരു വീട്ടിൽ നിന്നും നാലോ അഞ്ചോ ഭക്ഷണപ്പൊതികൾ പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ തന്നെ ഒരു ദിവസം ആകെ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികൾ അമ്പതും അറുപതും വരെയായി ഉയർന്നു.
വിശേഷാവസരങ്ങളിൽ നമ്മളിൽ പലരും ആവശ്യത്തിലധികം ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി പാഴാക്കി കളയുമ്പോൾ മറുഭാഗത്ത് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാതെ ജനങ്ങൾ വലയുകയാണെന്ന വലിയ സന്ദേശമാണ് ചാവക്കാട് പോലീസ് ജനങ്ങൾക്ക് നൽകിയത് . അത് നാട്ടുകാരായ ജനങ്ങൾ സഹർഷം ഏറ്റെടുത്തു. സന്നദ്ധ സംഘടനകളും യുവാക്കളും ചാവക്കാട് പോലീസിനൊപ്പം കൈകോർത്തു.
“നമ്മൾ ചാവക്കാട്ടുകാർ” എന്ന സന്നദ്ധ സംഘടന പോലീസ് സ്റ്റേഷനു മുൻവശം ചില്ല് അലമാര സ്ഥാപിച്ചു. പോലീസ് സ്റ്റേഷനിൽ നാട്ടുകാർ എത്തിക്കുന്ന ഭക്ഷണപ്പൊതികളും പോലീസ് മെസ്സിൽ പാകംചെയ്യുന്ന ഭക്ഷണവും ആളുകൾ കാൺകെ അലമാരയിൽ വെച്ചു. ആവശ്യക്കാർക്ക് പോലീസ് സ്റ്റേഷൻ വളപ്പിൽ കയറി, അലമാരയിൽ നിന്നും ഭക്ഷണപ്പൊതി എടുത്തു കഴിക്കാം എന്ന സ്ഥിതിയായി. അത് അങ്ങിനെ തുടർന്നു. ഈ ഉദ്യമം സമൂഹ മാധ്യമങ്ങളിലൂടെ ഗൾഫിൽ ജോലിചെയ്യുന്ന ചാവക്കാട് സ്വദേശികളും അറിയാനിടയായി. അവർ നാട്ടിലുള്ള സുഹൃത്തുക്കൾ വഴി സഹായങ്ങൾ ലഭ്യമാക്കി.
പദ്ധതി ആരംഭിച്ച ഇൻസ്പെക്ടർ അനിൽ കുമാർ മേപ്പിള്ളി ഇതിനിടയിൽ സ്ഥലം മാറി പോയെങ്കിലും ഇപ്പോഴത്തെ ഇൻസ്പെക്ടർ ശെൽവരാജും സഹപ്രവർത്തകരും ചേർന്ന് ഉച്ചഭക്ഷണപരിപാടി കൂടുതൽ മികവോടെ തുടർന്നുവരികയാണ്.
ലോക്ക്ഡൌൺ കാലം കഴിഞ്ഞും ജനകീയ ഭക്ഷണ വിതരണ പദ്ധതി അനുസ്യൂതം തുടരുകയാണ്.ജനങ്ങൾ പോലീസിനുവേണ്ടിയും പോലീസ് ജനങ്ങൾക്കുവേണ്ടിയും എന്ന മഹത്തായ ആശയത്തിന്റെ സാക്ഷാത്കാരമാണ് ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നത്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന ചാവക്കാട് പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും, പോലീസിനൊപ്പം ചേർന്നു നിൽക്കുന്ന ചാവക്കാട് നിവാസികൾക്കും അഭിനന്ദനങ്ങൾ.