ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽഫോൺ സ്വന്തമാക്കി എസ്ഐ ;പിന്നാലെ സസ്പെൻഷൻ

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് ഫോണ്‍ നല്‍കാതെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് എസ്‌ഐ ഉപയോഗിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

ഏതാനും മാസം മുന്‍പ് ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്ബോഴായിരുന്നു സംഭവം. യുവാവിനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയര്‍ന്നതോടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്‌റ്റേഷനില്‍ ഇല്ലായിരുന്നു. ഫോണ്‍ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നുമില്ല. പ്രധാന തെളിവായ ഫോണ്‍ കാണാതായതു കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. ബന്ധുക്കളുടെ പരാതിയില്‍, ഇഎംഇഐ നമ്ബര്‍ ഉപയോഗിച്ചു ഫോണ്‍ കണ്ടെത്താനൂള്ള ശ്രമം തുടങ്ങി. ഇതിനിടെ ജ്യോതി സുധാകര്‍ മംഗലപുരത്തു നിന്നും ചാത്തന്നൂരിലേക്ക് സ്ഥലംമാറിയിരുന്നു.

അന്വേഷണത്തില്‍ മരിച്ച യുവാവിന്റെ ഫോണില്‍ ചാത്തന്നൂര്‍ എസ്‌ഐയുടെ ഔദ്യോഗിക സിം കാര്‍ഡ് ഉപയോഗിക്കുന്നതു കണ്ടെത്തി. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മംഗലപുരം സ്‌റ്റേഷനില്‍ എല്‍പിച്ചു. എന്നാല്‍ വിവരം പൊലീസിന്റെ ഉന്നത തലങ്ങളില്‍ എത്തുകയും ഇന്നലെ സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിക്കുകയുമായിരുന്നു.