ആറ്റിങ്ങൽ: നഗരസഭാ ഐ.സി.ഡി.എസ് നാൽപ്പത്തി ആറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ത്രിദിന മുനിസിപ്പൽ തല പ്രദർശനം സംഘടിപ്പിച്ചു. നഗരസഭാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രെജി പദ്ധതിയുടെ വിശദീകരണം നടത്തി. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സംസ്ഥാന സർക്കാർ വനിത ശിശുവികസന വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക തല പ്രദർശനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനു വേണ്ടി വിവിധങ്ങളായ പദ്ധതികളുടെ കൈയ്യെഴുത്ത് പോസ്റ്ററുകൾ, പൗരാണിക നിർമ്മിതിയുടെ മാതൃകാ രൂപങ്ങൾ, കരകൗശല നിർമ്മിതികൾ, കുട്ടികളുടെയും വനിതകളുടെയും ശരീര ഭാരം ഉയരം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളീയ വസ്ത്രമണിഞ്ഞ് എത്തിയ അംഗനവാടി ടീച്ചർമാർ സന്ദർശകർക്ക് പ്രദർശന വസ്തുക്കളെ പരിചയപ്പെടുത്തി. നഗരസഭാ പരിധിയിലെ 29 അംഗനവാടികളിലായി 3 മുതൽ 6 വയസ് വരെ പ്രായമുള്ള 433 കുട്ടികൾ പഠിക്കുന്നു. കൂടാതെ 6 മാസം മുതൽ 3 വയസ് വരെയുള്ള പ്രായമുള്ള 505 കുഞ്ഞുങ്ങൾക്ക് അമൃതം പൊടിയും, കൗമാരക്കാരായ 205 വനിതകൾ, മുലയൂട്ടുന്ന 139 അമ്മമാർ, ഗർഭിണികളായ 120 പേർക്കും അംഗനവാടികളിൽ നിന്നും പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നു. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും പോഷകാഹാരം വിതരണം ചെയ്യുന്നതോടൊപ്പം കുട്ടികൾക്ക് അടിസ്ഥാന ഓൺലൈൻ വിദ്യാഭ്യാസ ലഭ്യതയും ഉറപ്പ് വരുത്താൻ സാധിക്കുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ഒക്ടോബർ 2 മുതൽ 30 ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.