സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ ലഘുകരണത്തിന് സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ആരണ്യഭവന്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
മനുഷ്യനെയും വന്യമൃഗങ്ങളെയും അതിന്റെ ആവാസ വ്യവസ്ഥയുടെ ചട്ട കൂടുകളില്‍ ഒന്നായി കണ്ടുകൊണ്ടുള്ള സമഗ്രമായ ഒരു സംഘര്‍ഷ ലഘുകരണ പദ്ധതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും യൂണിഫോമിട്ട തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അനുമതി നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു.
വനാതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇതിനോടകം 204 ജനകീയ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനൊപ്പം ജാഗ്രതാസമിതികള്‍ ഇല്ലാത്ത ജില്ലകളില്‍ അത് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗരോര്‍ജ്ജ കമ്പിവേലി, റയില്‍വേലി, ആനമതില്‍, കിടങ്ങുകള്‍, ക്രാഷ് ഗാര്‍ഡ്, റോപ്പ് ഫെന്‍സിംഗ് തുടങ്ങിയവയ്ക്ക് പുറമേ കരിമ്പന മതില്‍ പോലുള്ള നവീന ജൈവ പ്രതിരോധ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
കാട്ടാന പ്രശ്‌നം രൂക്ഷമായ പാലക്കാട്, വയനാട് ജില്ലകളില്‍ നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേയ്ക്ക് മടക്കി അയയ്ക്കുന്നതിനായി കുങ്കിയാന സ്‌ക്വാഡുകളും പ്രവര്‍ത്തിച്ച് വരുന്നു.
ഉള്‍വനങ്ങളില്‍ താമസിക്കുന്നവരില്‍ സ്വയംസന്നദ്ധരായവരെ വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. വയനാട് ജില്ലയില്‍ ഇതിനോടകം 382 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു കഴിഞ്ഞു.
അഗളി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട മരുതിയുടെ ആശ്രിതര്‍ക്കു ആശ്വാസ ധനസഹായം ചടങ്ങില്‍ കൈമാറി നല്‍കി.