SPB ഓർമ്മയായിട്ട് ഒരു വർഷം..

മണ്ണില്‍ ഇന്ത കാതലിന്‍ട്രി…. അനശ്വരനാദം ഓർമ്മകളിലെന്നും !

SPB ഓർമ്മയായിട്ട് ഒരു വർഷം..🌹🌹
പ്രണാമം...


കോവിഡ്‌ കൊണ്ടുപോയ പ്രതിഭകളില്‍ വിരഹത്താല്‍ നിങ്ങളെ ഏറ്റവുമധികം കരയിച്ചത്‌ ആരാണെന്നു ചോദിച്ചാല്‍ ഇന്ത്യയിലെ സംഗീതപ്രേമികള്‍ പറയുക എസ്‌ പി ബി എന്നായിരിക്കും. കാരണം തെന്നിന്ത്യന്‍ ഭാഷകള്‍ പരസ്‌പരം പങ്കുവെക്കുന്ന ഗാനങ്ങളിലൂടെയും വടക്കന്‍ ദേശങ്ങളല്‍നിന്നും പ്രചരിക്കുന്ന ഹിന്ദി ഗാനങ്ങളിലും ആ വെല്ലൂര്‍ തെലുങ്കന്‍ സുന്ദരനാദമായി ലോകമെങ്ങും ജിവിക്കുകയായിരുന്നു.


ഹരികഥാ കലാകാരനായ ബാലമൂര്‍ത്തിക്ക്‌ തന്റെ മക്കളെയെല്ലാം വളര്‍ത്തി വലിയ ഉദ്യോഗസ്ഥന്‍മാരാക്കണം എന്നായിരുന്നു ആഗ്രഹം അതുകൊണ്ടുതന്നെയാണ്‌ എട്ടുപേരില്‍ ഒരാളായ ബാലുവിനെയും എഞ്ചിനീയറിംഗിനു ചേര്‍ത്തത്‌. എന്നാല്‍ പഠനമദ്ധ്യേ പിടിപെട്ട ടൈഫോയ്‌ഡ്‌ നമുക്ക്‌ സമ്മാനിച്ചത്‌ ഒരു മഹാഗായകനെയാണ്‌. ഇല്ലെങ്കില്‍ നാലുനാടറിയാതെ ഒരു എഞ്ചിനീയറായി ജീവിക്കുമായിരുന്നു എസ്‌ പി ബി. വിദ്യാഭ്യാസത്തില്‍ തടസ്സം നേരിട്ടതോടെയാണ്‌ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധവെക്കാന്‍ കഴിഞ്ഞത്‌. എന്നാല്‍ ശാസ്‌ത്രീയമായി പഠനം സാദ്ധ്യമാകാതിരുന്നത്‌ ജീവിതസാഹചര്യങ്ങള്‍കൊണ്ടാണ്‌. എന്നിട്ടും സംഗീതലോകത്തെ എക്കാലത്തെയും വലിയ അത്ഭുതങ്ങളിലൊന്നായി മാറുകയായിരുന്നു ആ പ്രതിഭാധനന്‍.


അന്നുമിന്നും ഗായകര്‍ ആദ്യം വലംകാല്‍വെച്ച്‌ വെറ്റയും അടക്കയും വെള്ളിനാണയവുമായി തൊട്ടുതൊഴുത്‌ ശാസ്‌ത്രീയ സംഗീതലോകത്തേക്ക്‌ പ്രവേശിക്കുന്നതാണ്‌ സംഗീതലോകമെങ്കില്‍ അറുപതുകളില്‍ ഉരുത്തിരിഞ്ഞ ലളിതഗാന-സിനിമാഗാനങ്ങളുടെ കേട്ടുപഠിച്ച ശൈലിയിലൂടെയാണ്‌ എസ്‌പിബി ചുവടുവെച്ചത്‌. ഏതു രാഗത്തില്‍ ആരുചിട്ടപ്പെടുത്തിയാലും ഒരു വട്ടം കേട്ടാല്‍ സുന്ദരമായി പാടിക്കേള്‍പ്പിച്ച്‌ അത്ഭുതപ്പെടുത്തും. അങ്ങനെയാണ്‌ 1966-ല്‍ തന്റെ 20-ആം വയസ്സില്‍ ‘ശ്രീശ്രീശ്രീ മര്യാദരാമണ്ണ’ എന്ന ചിത്രത്തില്‍ എസ്‌.പി.കോദണ്‌ഡപാണി ബാലുവിനെ പാടിക്കുന്നത്‌. പിന്നീടാണ്‌ കന്നഡഭാഷയില്‍ പാടുന്നത്‌. ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സംഗീതകാരന്‍മാരുടെ ശ്രദ്ധ പതിഞ്ഞതോടെ പടിപടിയായി വിവിധ ഭാഷകളിലെത്തി.

അങ്ങനെ 1980-ല്‍ ശങ്കരാഭരണത്തിലുടെ ആ അത്ഭുതഗായകന്‍ വെളിപ്പെട്ടു. കെ.വി.മഹാദേവന്‍ ചിട്ടപ്പെടുത്തിയ കര്‍ണ്ണാടകസംഗീത രാഗങ്ങള്‍ക്ക്‌ അനുയോജ്യനാണ്‌ എസ്‌.പി..ബി എന്ന കണക്കുകൂട്ടല്‍ ശരിയായിരുന്നു. പിന്നീട്‌ ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല. ഹിന്ദിയിലെ എക്കാലത്തെയും മികച്ച ദുരന്തപ്രണയ ചിത്രങ്ങളിലൊന്നായ ‘ഏക്‌ ദൂജേ കേലിയേ’യിലെ ‘തേരേ മേരേ ബീച്ച്‌ മേ’.. സല്‍മാന്‍ ഖാന്റെ അരങ്ങേറ്റമായ ‘മേനേ പ്യാര്‍ കിയാ’യിലെ എല്ലാ ഗാനങ്ങളും ഇവയെല്ലാം ഹിന്ദിയില്‍ ചിരപ്രതിഷ്‌ഠ നേടിക്കൊടുത്തു. തമിഴിലാണെങ്കില്‍ സാഗരസംഗമത്തില്‍ തുടങ്ങി നൂറുകണക്കിന്‌ ഗാനങ്ങള്‍. മമ്മൂട്ടിയും ശ്വേതാ മേനോനും അഭിനയിച്ച മലയാളചിത്രമായ അനശ്വരത്തിലെ ‘താരാപഥം’ പാടാന്‍ ഇന്നും ഓരോ ഗായകനും മത്സരിക്കുന്നു.


അഭിനയത്തിലും എത്ര കഴിവു കാട്ടി. എസ്‌പിബി. രാധികയോടൊപ്പം ‘കേളെടി കണ്‍മണി’യില്‍ അഭിനയിച്ചു പാടിയ ‘മണ്ണില്‍ ഇന്ത കാതലിന്‍ട്രി യാരും വാഴ്‌തല്‍ കുടുമോ’ ഏതു ഭാഷയിലെയും പ്രണയിതാക്കളുടെ ചലഞ്ചായി മാറി. പൊതുവേദികളില്‍ പാടുമ്പോള്‍ മദ്ധ്യവയസ്സിലും ഒരു യുവാവിനെപ്പോലെ ഊര്‍ജ്ജ്വസ്വലനായി ഓടിനടന്നു പാടി ആരോഗ്യകാര്യത്തില്‍ വലിയ പഥ്യമൊന്നും നോക്കാതിരുന്ന ആ മനുഷ്യന്‍. പെരുമാറ്റത്തില്‍ ഇത്രയധികം എളിമത്തം കാട്ടിയ ഒരു ഗായകനുണ്ടെങ്കില്‍ റഫിസാഹെബ്‌ ആയിരുന്നു എന്ന്‌ ഒരു പ്രശസ്‌തനായ നിര്‍മ്മാതാവ്‌ ബോംബെയില്‍ വെച്ച്‌ എസ്‌പിബിയുടെ അസാന്നിദ്ധ്യത്തില്‍ പറയുകയുണ്ടായിട്ടുണ്ട്‌.


ഗായകനും നടനും എന്നതിലുമുപരി നിര്‍മ്മാതാവായും സംഗീതസംവിധായകനായും അവതാരകനായും നിറഞ്ഞുനിന്നു ബാലസുബ്രഹ്മണ്യം. ഇനിയും എത്രയെത്രയോ കലാലോകത്തിന്‌ സംഭാവന ചെയ്യാനിരിക്കെ നിനച്ചിരിക്കാതെ വന്ന കോവിഡ്‌ മഹാമാരി ആ കൃതഹസ്‌തനായ മനുഷ്യനെ കൊണ്ടുപോകുമെന്ന്‌ ആരും കരുതിയില്ല. ആശുപത്രിക്കിടക്കയിലായിരിക്കെ പ്രാര്‍ത്ഥനാഭരിതരായി ആരാധകലോകം.. പക്ഷെ.. ടൈഫോയ്‌ഡ്‌ നമുക്ക്‌ അദ്ദേഹത്തെ തന്നപ്പോള്‍ കോവിഡ്‌ അടര്‍ത്തിക്കൊണ്ടേ പോയി. എന്നെന്നേക്കുമായി.


ഈ സെപ്‌റ്റംബര്‍ 25 ന്‌ മാത്രം ഓര്‍മ്മിക്കുന്നതല്ല നമ്മള്‍ എസ്‌പിബിയെ. ആ ഗാനങ്ങള്‍ എന്നും നമ്മുടെ മനസ്സിലുണ്ടാകും. ബഹുമുഖമായ തന്റെ അത്ഭുതകഴിവുകള്‍ കാട്ടിത്തരുന്തോറും ഏറ്റവും എളിമയുള്ളവനേക്കാള്‍ വിനീതനായി നിറഞ്ഞുനിന്നിരുന്ന ശ്രീപതി പണ്‌ഢിതരാധ്യുല ബാലസുബ്രഹ്മണ്യം.
പ്രണാമം 🙏Media 16