ഫോർഡ് ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിക്കുന്നതായി സൂചന

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഫോർഡിന്റെ ഇന്ത്യയിലെ രണ്ട് വാഹന നിർമാണ പ്ലാന്റുകളും അടയ്ക്കാനൊരുങ്ങുന്നതായി ഫോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ്റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പ്രവർത്തനത്തിൽനിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് വിവരം.
ഒരു വർഷത്തിനുള്ളിൽ മാത്രമേ ഉത്പാദനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് സൂചനകൾ. അതേസമയം, ഇന്ത്യയിലെ വിൽപ്പന തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത മോഡലുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തായിരിക്കും വിൽപ്പനയെന്നാണ് ഫോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. നിലവിലെ ഉപയോക്താക്കൾക്കുള്ള സർവീസുകൾ ഉറപ്പാക്കുമെന്നും വിവരമുണ്ട്.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഫോർഡിന്റെ ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്, ഇരുചക്ര വാഹന നിർമാതാക്കളായ ഹാർളി ഡേവിഡ്സൺ തുടങ്ങിയവർ അടുത്ത കാലത്ത് ഇന്ത്യയിൽനിന്ന് പിന്മാറിയിരുന്നു. ഹാർളി ഡേവിഡ്സൺ ഹീറോയുമായി സഹകരിച്ച് വിൽപ്പന തുടരുന്നുണ്ട്.