നിയന്ത്രണങ്ങളിൽ മാറ്റമില്ല; സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സീനേഷൻ ശക്തിപ്പെടുത്താൻ മുൻതൂക്കം നൽകണമെന്ന് ദേശീയ ആരോ​ഗ്യ വിദഗ്ദ്ധരുമായി സംസ്ഥാന സർക്കാർ നടത്തിയ യോഗത്തിൽ നിർദേശമുയർന്നിരുന്നു. സമ്പൂർണ ലോക്ക്ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ‍ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. രാത്രികാല കർഫ്യൂവിൻ്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ രം​ഗത്ത് എത്തിയിരുന്നു.

സംസ്ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കൊവിഡ് വാക്സീൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സ്വീകരിച്ചവർക്കും പിന്നീട് രോഗബാധയുണ്ടാവുന്നുണ്ട്. ഇതിൽ ആശങ്കയുടെ ആവശ്യമില്ല. വാക്സീൻ എടുക്കാത്ത മുതിർന്ന പൗരൻമാരാണ് കൊവിഡ് വന്ന് മരണപ്പെട്ടവരിലേറെയും.

സംസ്ഥാനത്ത് വാക്സീൻ വിതരണം മികച്ച രീതിയിൽ തുടരുകയാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള 75 ശതമാനം പേർ ആദ്യഡോസ് വാക്സീൻ സ്വീകരിച്ചു. 2,15,72491 പേ‍ർക്ക് ആദ്യഡോസും 79,90,200 പേ‍ർക്ക് അഥവാ 27.8 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകിയിട്ടുണ്ട്. മൊത്തം ജനസംഖ്യയെടുത്താൽ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സീൻ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്സീനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

പരമാവധി പേ‍ർക്ക് എത്രയും വേ​ഗം വാക്സീൻ നൽകാനാണ് നമ്മൾ ശ്രമിക്കുന്നത്. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്സീൻ നൽകി. ആ​ഗസ്റ്റിൽ മാത്രം 88 ലക്ഷം ഡോസ് വാക്സീൻ നൽകി. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവ‍ർക്ക് വാക്സീൻ നൽകാൻ പ്രത്യേക യജ്ഞം തന്നെ നടത്തിയിരുന്നു. വാക്സീൻ വളരെ വേ​ഗം കൊടുത്ത് തീർക്കുകയാണ് കേരളം ഇപ്പോൾ എന്നാൽ തീരുന്ന മുറയ്ക്ക് ഇപ്പോൾ കേരളത്തിലേക്ക് വാക്സീൻ എത്തുന്നുണ്ട്.

ആരോ​ഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും നൂറ് ശതമാനം ആദ്യഡോസ് വാക്സീനും 87 ശതമാനം രണ്ടാം ഡോസും നൽകി.45 വയസ്സിന് മുകളിൽ പ്രായമുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 48 ശതമാനത്തിന് രണ്ടാം ഡോസും നൽകി. 18 -45 പ്രായവിഭാ​ഗത്തിലെ 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകി. വാക്സീൻ വിതരണം ഈ നിലയിൽ തുടർന്നാൽ വൈകാതെ തന്നെ കേരളത്തിന് സാമൂഹിക പ്രതിരോധം നേടാനാവും എന്നാണ് പ്രതീക്ഷ.