പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ അനാസ്‌ഥയെത്തുടര്‍ന്ന് കൊവിഡ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു. കാലില്‍ വെരിക്കോസിന്റെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കൊവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ ആശുപത്രിയ്‌ക്ക് പുറത്ത് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്.
പരവൂര്‍ പാറയില്‍കാവ് പുതുവല്‍ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന പാരിപ്പള്ളി പള്ളിവിള വീട്ടില്‍ ബാബു(67)ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് ബാബുവിനെ നഗരസഭയുടെ ആംബുലന്‍സില്‍ പരവൂര്‍ നെടുങ്ങോലത്തെ വീട്ടില്‍ നിന്നു പാരിപ്പള്ളി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.
പത്തുമിനിറ്റുകള്‍ക്ക് ശേഷം പരിസരത്തുണ്ടായിരുന്നവര്‍ പ്രതിഷേധത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരന്‍ ആംബുലന്‍സിലെത്തി പരിശോധിച്ചു മടങ്ങി. ആംബുലന്‍സ്
ഡ്രൈവര്‍ രോഗിയ്‌ക്ക് സീരിയസാണെന്ന് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചിട്ടും പ്രവേശനം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ച് ട്രോളിയുമായി ആശുപത്രി ജീവനക്കാരനെത്തിയപ്പോഴേക്കും രോഗി മരിച്ചു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മരണം സ്‌ഥിരീകരിച്ചു. സംഭവത്തില്‍ ആശുപത്രിയുടെ വീഴ്‌ചയ്‌ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. പൊഴിക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്‌ടര്‍ മെഡിക്കല്‍ കോളജില്‍ മുന്‍കൂട്ടി അറിയിച്ചിട്ടുും അധികൃതര്‍ ചികിത്സ നല്‍കാന്‍ തയ്യാറില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.