ആറ്റിങ്ങൽ: നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ ഓടിച്ചിരുന്ന ബൈക്കും ദമ്പതികൾ യാത്ര ചെയ്തിരുന്ന കാറുമാണ് കൂട്ടി ഇടിച്ചത്. ജോലി കഴിഞ്ഞ് ഉച്ചയോടെ പുനലൂരിലെ വീട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ആലംകോട് ജംഗ്ഷനിൽ വച്ച് യുടേൺ എടുത്ത മാരുതി കാറുമായി കൂട്ടി ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുചക്ര യാത്രികൻ റോഡിലേക്ക് തെറിച്ച് വീണു. തിരക്കേറിയ പാതയിൽ വാഹനത്തിലെ സിഗ്‌നൽ ലൈറ്റ് ഉപയോഗിക്കാതെയാണ് കാർ യാത്രികർ യുടേൺ ചെയ്തതെന്ന് സമീപത്തെ സുരക്ഷാ ക്യാമറയിലെ ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളിൽ ഭാര്യയാണ് വാഹനം ഓടിച്ചിരുന്നത്. കാലിന് ഗുരുതരമായി ഒടിവ് സംഭവിച്ച ഹെൽത്ത് ഇൻസ്പെക്ടറെ സഹപ്രവർത്തകരെത്തി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും.