തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ഞായർ, തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു