*കിളിമാനൂർ കൊട്ടാരഅംഗത്തിന്റെ വീട്ടിൽ കവർച്ച : പുരാവസ്തുമൂല്യമുള്ള സാധനങ്ങൾ കവർന്നു*

കിളിമാനൂർ കൊട്ടാരം അംഗവും റിട്ട. അധ്യാപികയുമായ പത്മകുമാരിയമ്മയുടെ അയ്യപ്പൻകാവ് പദ്മവിലാസ് പാലസ് വീട്ടിൽനിന്നു പുരാവസ്തുമൂല്യമുള്ള സാധനങ്ങൾ കവർന്നു. പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന 150-ലധികം വർഷം പഴക്കമുള്ള പാത്രങ്ങളും ഭരണികളുമാണ് നഷ്ടമായത്.

ഏറെനാളായി ആൾത്താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു വീട്‌. 70 കിലോയോളം തൂക്കംവരുന്ന വാർപ്പുകൾ, 45 കിലോ തൂക്കംവരുന്ന വലിയ ഉരുളി, 30 കിലോ തൂക്കംവരുന്ന മറ്റൊരു ഉരുളി, നിലകാത്, ചട്ടി, വെള്ളഭരണി, ചീനഭരണി എന്നിവയാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് ഇവർ കിളിമാനൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.


പദ്മകുമാരിയുടെ വീടിനു സമീപത്തുള്ള പൂട്ടിയിട്ടിരിക്കുന്ന മറ്റൊരു വീട്ടിൽ മോഷണശ്രമമുണ്ടായി. ഗോപാലകൃഷ്ണ ശർമയെന്നയാളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മുൻവാതിൽ പൊളിച്ചാണ്‌ മോഷണശ്രമം നടത്തിയിരിക്കുന്നത്‌. എന്നാൽ, ഇവിടെനിന്നു വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല.

ഞായറാഴ്ച ഗോപാലകൃഷ്ണ ശർമയുടെ വീടിന്റെ സമീപത്തുള്ള ബന്ധു മുൻവാതിൽ തുറന്നു കിടക്കുന്നതു കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് കവർച്ചാശ്രമം ശ്രദ്ധയിൽപ്പെട്ടത്.


ഇവിടെയുള്ള വസ്തുക്കൾ വാരിവലിച്ചിട്ടനിലയിലാണ്‌. ഇതേത്തുടർന്ന്‌ പോലീസെത്തി പരിശോധന നടത്തി മടങ്ങി. ഇതറിഞ്ഞ്‌ പിന്നീട്‌ പദ്മകുമാരിയുടെ വീട്ടിൽ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ്‌ മോഷണവിവരം പുറത്തറിയുന്നത്‌.

പദ്മവിലാസ് പാലസിൽനിന്നു നഷ്ടപ്പെട്ട പാത്രങ്ങൾ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും പാരമ്പര്യമായി കിട്ടിയവയായിരുന്നു. വെള്ളോടിൽ തീർത്ത ഏറെക്കാലത്തെ പഴക്കമുണ്ടായിരുന്ന പാത്രങ്ങളിൽ കിളിമാനൂർ കൊട്ടാരം, കിളിമാനൂർ കൊട്ടാരം ചിത്തിര ഭരണി വക എന്നെല്ലാം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നതായി പദ്മകുമാരിയുടെ ഭർത്താവ് ആർ.ആർ.തമ്പുരാൻ പറഞ്ഞു.
വീടിന്റെ തെക്കുഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ ശേഷം ഓട് പൊളിച്ചാണ് പാത്രങ്ങൾ ഇരുന്ന മുറിയിലേക്കിറങ്ങിയത്.
പുതിയ വീട് നിർമിച്ച് അടുത്തിടെ താമസമായതിനാൽ പഴയ വീട്ടിലേക്ക് ആരും വരാറില്ലായിരുന്നു. ഇവിടെനിന്ന്‌ തേങ്ങയും പൊതിക്കാനുപയോഗിക്കുന്ന കമ്പിപ്പാരയും മോഷ്ടാക്കൾ എടുത്തിട്ടുണ്ട്.

മോഷണം നടന്നിട്ട്‌ ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ പോലീസിന്റെ നിഗമനം. മോഷണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതായി കിളിമാനൂർ എസ്.എച്ച്.ഒ. പറഞ്ഞു

MEDIA 16