തിരുവനന്തപുരം : പീഡനത്തിനിരയായ പെൺകുട്ടിക്കും കുടുംബത്തിനും സ്പെഷൽ പ്രോസിക്യൂട്ടർക്കും നേരെ വധഭീഷണിയെന്ന പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോക്സോ കേസിലെ പ്രതിക്ക് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണി.
ഫോണിലൂടടെയാണ് ഭീഷണിപ്പെടുത്തിയത്. 2017 ൽ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയിൽ നടക്കുന്നതിനിടയിലാണ് ഭീഷണി എത്തിയത്.
പെൺകുട്ടിയുടെ അച്ഛൻ, അമ്മ, പ്രോസിക്യൂട്ടർ ആർ.എസ്. വിജയമോഹൻ എന്നിവരെ വധിക്കുമെന്നാണ് ഭീഷണി. ഭോപ്പാലിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഒരാൾ സംസാരിച്ചത്. മകളുടെ ഫോട്ടോ പത്രത്തിൽ നൽകുമെന്നും വിളിച്ച ആൾ പറഞ്ഞതായി പരാതിയിൽ പറയുന്നു. പൊലീസ് മറ്റു രേഖകൾ പരിശോധിക്കാനായി ഹൈടെക് സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.