ചിറയിൻകീഴ് : ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവടക്കം രണ്ടു പേർ വൻ കഞ്ചാവു ശേഖരവുമായി ചിറയിൻകീഴ് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ പനവിള വീട്ടിൽ റിയാസ്(24), കോവളത്തിനു സമീപം പാച്ചല്ലൂർ പനത്തുറ പള്ളിനടവീട്ടിൽ രാഹുൽ(24)എന്നിവരെയാണു അഞ്ചുകിലോഗ്രാം കഞ്ചാവു പൊതിക്കെട്ടും സഞ്ചരിച്ചിരുന്ന വാഹനവുമടക്കം പെരുങ്ങുഴിയിൽ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.
കിലോയ്ക്കു 5000രൂപയ്ക്കു തമിഴ്നാട്ടിൽ നിന്നു വിലയ്ക്കു വാങ്ങുന്ന കഞ്ചാവ് നാട്ടിൽ കൈമാറ്റം ചെയ്യപ്പെടുമ്പോൾ 40,000രൂപയാണു ലഭിക്കുക. കഴിഞ്ഞ ദിവസം ജില്ലയിൽ നിന്നുള്ള രണ്ടംഗ ബൈക്ക് സംഘത്തിൽ നിന്നു 12കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് പൊലിസും ഏഴു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ മംഗലപുരം പൊലീസും കഴിഞ്ഞ ആഴ്ച അറസ്റ്റു ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്നു ലഭ്യമായ സൂചനകൾ വച്ചു കഞ്ചാവടക്കം ലഹരിവസ്തുക്കൾ കൈമാറുന്ന സംഘത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ലഭ്യമായതായി പൊലീസ് അറിയിച്ചു.