ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർ 80.17 ശതമാനമായതോടെയാണ് ഈ നടപടിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഒരു ദിവസം പരിശോധിക്കുന്ന രോഗികളിൽ എത്രപേർക്ക് രോഗം എന്ന് കണക്കാക്കുന്നതാണ് ടി.പി.ആർ.
കോവിഡ് വ്യാപനം തീവ്രമാണോ, കേരളം അടയ്ക്കണോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടി.പി.ആർ അടിസ്ഥാനത്തിലായിരുന്നു. ഇതാണ് സർക്കാർ അവസാനിപ്പിച്ചത്.
ബുധനാഴ്ചത്തെ കോവിഡ് കണക്കിൽ ഡബ്ല്യു.ഐ .പി.ആർ മാത്രമാണുള്ളത്. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ ശാസ്ത്രീയമല്ലെന്ന വാദങ്ങൾക്കിടെയാണ് സർക്കാർ നീക്കം.
ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോഗികളാകുന്നെന്ന് കണക്കാക്കുന്ന ഡബ്ല്യു. ഐ .പി.ആർ ആകും ഇനി വ്യാപനത്തോതും മറ്റു നിയന്ത്രണങ്ങളും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം.
സെപ്റ്റംബർ 15 വരെ വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 80.17ശതമാനം പേർ ഒരു ഡോസ് വാക്സിനും 32.17 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. ഇതാണ് പുതിയ തീരുമാനത്തിലേക്കെത്താൻ കാരണമത്രെ.
കൂടുതൽ ഇളവുകളും കേരളം ആലോചിക്കുന്നുണ്ട്. അടച്ചിട്ട കൂടുതൽ മേഖലകൾ തുറക്കുന്നതും ഇളവുകളും ശനിയാഴ്ച അവലോകന യോഗം തീരുമാനിക്കും.
സർക്കാർ വാർത്തക്കുറിപ്പിൽ ടി.പി.ആർ ഇല്ലെങ്കിലും കണ്ടെത്താൻ എളുപ്പമാണ്. ആകെ രോഗബാധിതരുടെ എണ്ണത്തെ 100 കൊണ്ട് ഗുണിച്ച ശേഷം ആകെ പരിശോധിച്ചവരുടെ എണ്ണം കൊണ്ട് ഭാഗിച്ചാൽ ടി.പി.ആർ കണക്കാക്കാനാകും.