ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഫലപ്രദമായ രീതിയിൽ മാലിന്യ സംസ്കരണം നടപ്പിലാക്കിയതിനാണ് നവകേരള പുരസ്കാരം 2021 ആറ്റിങ്ങൽ നഗരസഭക്ക് അർഹമായത്. സർക്കാരിന്റെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്ത എം.എൽ.എ ഒ.എസ് അംബിക പുരസ്കാരവും അസി. ജില്ലാ കളക്ടർ ശ്വേത നാഗർകോട്ടി അവാർഡ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്കും ചെയർപേഴ്സൺ അഡ്വ എസ്. കുമാരിക്ക് കൈമാറി.
മാലിന്യ പരിപാലന രംഗത്ത് ന്യൂതനമായ ആശയങ്ങൾ നടപ്പിലാക്കിയതിന് മുഖ്യമന്ത്രിയുടെ ഇന്നോവേഷൻ അവാർഡ്, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാതൃകാ നഗരം എന്നതിനും ആറ്റിങ്ങലിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ശുചീകരണ മേഖലയിൽ ചെറുതും വലുതുമായ 36 പുരസ്കാരങ്ങൾ സ്വന്തമാക്കിയ നഗരസഭയുടെ പ്രവർത്തനങ്ങൾ വിശദമായി മനസിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമുള്ള നിരവധി സർക്കാർ ഏജൻസികളും നഗരസഭ സന്ദർശിച്ചിട്ടുണ്ട്.
കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്ഥിരം സമിതി അംഗങ്ങൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം, കൗൺസിലർമാർ, ശുചിത്വ മിഷൻ കോഡിനേറ്റർ ഫൈസി, അസി.കോഡിനേറ്റർ ഷീബ, നഗരസഭാ സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.