ആറ്റിങ്ങൽ: സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി' യുടെ നഗരസഭാ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള യോഗം ചേർന്നു. നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ അഡ്വ.എസ് കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി എസ്.വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പട്ടണത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് വേണ്ടി വാർഡുതല കമ്മിറ്റികൾ രൂപീകരിക്കും. വാർഡ് കമ്മിറ്റിയുടെ കൺവീനറായി കൗൺസിലറെയും ചെയർമാനായി റിട്ട.സർക്കാർ ഉദ്യോഗസ്ഥനെയും നീയമിക്കും. ഇത്തരത്തിൽ രൂപീകരിക്കുന്ന കമ്മിറ്റികൾ പ്രാദേശിക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും, ആവശ്യമെങ്കിൽ ലഹരിക്ക് അടിമപ്പെട്ടവരെ സൗജന്യമായി ഡീ അഡിക്ഷൻ സെന്റെറുകളിലെ ചികിൽസക്ക് വിധേയരാക്കുകയും ചെയ്യും. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ലഹരിമുക്ത ചികിൽസക്കുള്ള പ്രത്യേക സംവിധാനങ്ങളും സജ്ജീകരിക്കും. കൂടാതെ പട്ടണത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമൂഹ്യ വിരുദ്ധർ നടത്തുന്ന ലഹരി ഉപയോഗവും ഇതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടും യോഗത്തിൽ ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ നഗരത്തിലെ ക്ലബുകൾ റസിഡൻസ് അസോസിയേഷനുകൾ കുടുംബശ്രീ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് വാർഡുതല കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു അറിയിച്ചു.