രണ്ടിടത്ത് മാലപൊട്ടിക്കൽ ; ഒരേ സംഘം

മലയിൻകീഴ് :  നടന്നു പോകുകയായിരുന്ന യുവതിയുടെ സ്വർണമാല ബൈക്കിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തു കടന്നു. വിളപ്പിൽ തിനവിള സുജാ ഭവനിൽ ഷീനാ സുജനയുടെ (22) ഒരു പവന്റെ മാലയും ഒരു ഗ്രാം വരുന്ന ലോക്കറ്റുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം  തിനവിളയിൽ നിന്നു മുളയറ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.


ബൈക്കിന്റെ പിന്നിലിരുന്നയാളാണ് മാല പിടിച്ചു പറിച്ചത്. ഇതേ ദിവസം വെള്ളനാട് വാളിയറ മഠത്തിന് സമീപം തേവൻകോട് സ്വദേശിയും ആശാവർക്കറുമായ എൽ.ഷൈലജയുടെ (42) രണ്ടു പവന്റെ മാലയും ബൈക്കിൽ എത്തിയ സംഘം പിടിച്ചു പറിച്ചു.


രണ്ട് കവർച്ചയ്ക്കു പിന്നിലും ഒരേ സംഘമാണെന്നാണു പൊലീസ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞു.  ബൈക്ക് ഓടിക്കുന്നയാൾ ഹെൽമറ്റും പിന്നിലിരിക്കുന്നയാൾ തുണികൊണ്ടും മുഖം മറച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. ഷാഡോ ടീമിന്റെ സഹായത്തോടെ വിളപ്പിൽ, ആര്യനാട് പൊലീസ് അന്വേഷണം തുടങ്ങി.