തീരത്ത് കുടിയൊഴിപ്പിക്കലില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം : പുനർഗേഹം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരമേഖലയിൽ കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും ഗൃഹപ്രവേശവും താക്കോൽ നൽകലും ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരത്ത് വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 7716 പേർ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ ജൈവ വേലികൾ നിർമിച്ച് ബഫർ സോണാക്കി മാറ്റി തീരസംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ മാത്രം 403 വീടുകൾ പൂർണമായും 564 വീടുകൾ ഭാഗികമായും കടലാക്രമണത്തിൽ തകർന്നു.
തീരമേഖലയിലെ ഒരു കുടുംബത്തിന് രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയാണ് പദ്ധതിയിൽ നൽകുന്നത്. ഭവന നിർമാണത്തിന് നാലു ലക്ഷം രൂപയും.
ഭൂമി വില ആറ് ലക്ഷത്തിൽ താഴെയാണെങ്കിൽ ബാക്കി തുക ഭവന നിർമാണത്തിനായി അനുവദിക്കും. ഭൂമിയുടെ റജിസ്‌ട്രേഷന് ആവശ്യമായ തുക ഗുണഭോക്താവ് മുൻകൂർ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.
2450 കോടി രൂപയാണ് പുനർഗേഹം പദ്ധതിക്കായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ 260 വ്യക്തിഗത വീടുകൾ നിർമിച്ചു നൽകി. ഇപ്പോൾ 30.8 കോടി രൂപ ചെലവഴിച്ച് നിർമിച്ച 308 വീടുകളിൽ ഗൃഹപ്രവേശം നടക്കുന്നു.