ചിറയിൻകീഴ്∙ കടക്കെണിയിൽ പെട്ടു കിണറ്റിൽ ചാടി ജീവനൊടുക്കിയ ബേക്കറി വ്യാപാരി അഞ്ചുതെങ്ങ് വിളബ്ഭാഗത്തുവിളബ്ഭാഗം പന്തിയിൽ വീട്ടിൽ ഉണ്ണി എന്ന ബിജു(52)വിന്റെ മൃതദേഹം സംസ്കരിച്ചു. നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ മൃതദേഹത്തിൽ നിന്നു വേർപെട്ട ശിരസ് ഫയർഫോഴ്സിന്റെ സ്കൂബ് ടീം എത്തിയാണ് വീണ്ടെടുത്തത്.
വർഷങ്ങളായി ഗൾഫിൽ ജോലി നോക്കിയിരുന്ന ബിജു നാലുവർഷങ്ങൾക്കു മുൻപാണ് നാട്ടിലെത്തി വർക്കലയ്ക്കടുത്തു ബേക്കറി തുടങ്ങിയത്.കോവിഡ് മൂലം കടയുടെ പ്രവർത്തനം സ്തംഭിച്ചതോടെ കടക്കെണിയിലാവുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടു നാലരയോടെയാണു സംഭവം നടന്നത്. അന്നും കടയിൽ പോയി നേരത്തെ മടങ്ങി വീട്ടിലെത്തിയ ബിജു ഏറെ നേരം കിണറിന്റെ ചുറ്റുവരമ്പിൽ ഇരുന്നശേഷം ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.വർക്കല ഫയർഫോഴ്സ്, അഞ്ചുതെങ്ങ് പൊലീസ് എന്നിവർ ആദ്യം എത്തി.. ഏറെ പഴക്കവും 100അടിയിലേറെ താഴ്ചയുമുള്ള കിണറിനകത്തിറങ്ങിയ അഗ്നിരക്ഷാസേന അംഗങ്ങൾക്കു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു രക്ഷാപ്രവർത്തനം നിർത്തേണ്ടി വന്നു.
തുടർന്നു തിരുവനന്തപുരത്തുനിന്നു സ്കൂബ ടീം അംഗങ്ങളെത്തി മൃതദേഹം പുറത്തെടുത്തപ്പോൾ ഉടലിൽ നിന്നു തല വേർപെട്ട നിലയിലായിരുന്നു. രണ്ടാമതു നടത്തിയ തിരച്ചിലിൽ ശിരസ്സ് കിണറിനുള്ളിൽ നിന്നു കണ്ടെത്തി . ഇടുങ്ങിയ പടികളിൽ തട്ടി തലവേർപെട്ടതാണെന്നാണു പൊലീസ് നിഗമനം. മോട്ടർ ഉപയോഗിച്ചു വെള്ളം നീക്കം ചെയ്യാൻ ഫയർഫോഴ്സ് നടത്തിയ ശ്രമം ശക്തമായ ജലപ്രവാഹം മൂലം ഫലപ്രദമായില്ല. തുടർന്നാണ് മുങ്ങൽ വിദഗ്ധരെ വിളിച്ചത്. ഭാര്യ യമുന. മക്കളില്ല. അഞ്ചുതെങ്ങ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.