മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ 8 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി.
ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. സ്റ്റേജ് കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.