മോഷ്ടിച്ച പച്ചവാഴക്കുലകളിൽ മഞ്ഞ പെയിന്റ് അടിച്ച് പഴുത്ത വാഴക്കുലകളെന്ന് പറഞ്ഞ് വിൽപന; രണ്ട് പേരെ പൊലീസ് പിടികൂടി; ഏഴ് മാസത്തിനിടെ മോഷ്ടിച്ചത് 98000 രൂപയുടെ വാഴകുലകൾ...
ഇടുക്കി: 200 പച്ചവാഴക്കുലകള്‍ മോഷ്ടിച്ച് അവയില്‍ മഞ്ഞ പെയിന്റ് അടിച്ച് പഴുത്ത വാഴക്കുലകളെന്ന് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി.
കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരെയാണ് കമ്പംമേട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കന്യാകുമാരി സ്വദേശി പോള്‍സണ്‍ സോളമന്റെ കമ്പംമേടുള്ള വാഴത്തോപ്പില്‍ നിന്നുമാണ് എല്ലാ വാഴക്കുലകളും മോഷ്ടിച്ചത്.
ഏഴു മാസത്തോളമായി പ്രതികള്‍ ഇവിടെനിന്നും സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നെന്നും ഏകദേശം 98000 രൂപ വിലവരുന്ന വാഴക്കുലകള്‍ ഇതിനോടകം കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.
പോള്‍സന്റെ ഏഴു ഏക്കര്‍ വരുന്ന സ്ഥലത്ത് ഇടവിളയായാണ് വാഴകൃഷി ആരംഭിച്ചത്. തുടക്കത്തില്‍ ഒന്നോ രണ്ടോ വാഴക്കുലകളാണ് മോഷണം പോയിരുന്നതെന്നും പിന്നീട് പ്രതികള്‍ കൂടുതല്‍ കുലകള്‍ മോഷ്ടിക്കാന്‍ ആരംഭിച്ചതോടെയാണ് പോള്‍സണ്‍ പരാതിപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.
തോട്ടത്തില്‍ സൂപ്പര്‍വൈസറിനെ വരെ നിയമിച്ചിട്ടും പ്രതികള്‍ മോഷണം തുടര്‍ന്നു കൊണ്ടിരുന്നു.
വാഴക്കുലയ്ക്ക് വിപണിയില്‍ വില കുറഞ്ഞതിനെതുടര്‍ന്ന് വില്‍പന നടക്കാതായ അവസരത്തിലാണ് പ്രതികള്‍ മോഷണം നടത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി നാലു മുതല്‍ അഞ്ച് കുലകള്‍ വരെ ദിവസേന മോഷ്ടിച്ചിരുന്നു. പ്രതികളെയും കുല കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തി.
പെയിന്റടിച്ച കുല വാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി നല്‍കിയ വിവരം അനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയത്.