കോടതി നിർദേശിച്ചു; ആറ്റിങ്ങൽ കെൽക്കോസിൽ പൊലീസ് റെയ്ഡ്, രേഖകൾ പിടിച്ചു

ആറ്റിങ്ങൽ : സഹകരണ സംഘങ്ങൾ രൂപീകരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരം ചിറയിൻകീഴ് താലൂക്ക് ഓട്ടോറിക്ഷ തൊഴിലാളി കോ – ഓപ്പറേറ്റീവ് സൊസൈറ്റി ( കെൽക്കോസ്) യിൽ പൊലീസ് റെയ്ഡ്. നാലരയോടെ തുടങ്ങിയ പരിശോധന മൂന്ന് മണിക്കൂറോളം നീണ്ടു .
ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി ബി മുകേഷ് , എസ് ഐ വി എസ്. വിനീഷ് , എഎസ്ഐ എ . ഷജീർ, സി പി ഒ എസ്. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .
ക്യാഷ് ബുക്കുകൾ , ലഡ്ജറുകൾ, സംഘത്തിന്റെ പാസ് ബുക്കുകൾ, ബാങ്ക് പാസ്ബുക്കുകൾ , എന്നിവ പിടിച്ചെടുത്തു. ഉദ്യോഗാർഥികൾക്ക് നൽകിയിരുന്ന കരാറിന്റെ പകർപ്പുകൾ, ഓൾ കേരള ലോണീസ് വെൽഫെയർ അസോസിയേഷന്റെ പേരിൽ അപേക്ഷകൾ സ്വീകരിച്ചതിന്റെ രേഖകൾ, സോഷ്യലിസ്റ്റ് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചതിന്റെ നിയമാവലി, അനുബന്ധ രേഖകളും എന്നിവയും പിടിച്ചെടുത്തവയിൽപ്പെടുന്നു. ആറ്റിങ്ങൽ സ്വദേശിയായ വിധവയിൽ നിന്നു സ്വീകരിച്ച 21 ലക്ഷം രൂപ സ്ഥിരനിക്ഷേപ കാലാവധിക്ക് ശേഷം തിരികെ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന . 
വിദേശത്തായിരുന്ന ഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയാണ് രണ്ട് പെൺ മക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചത്. നിക്ഷേപം സ്വീകരിച്ചതിന് സംഘത്തിൽ നിന്നും ലഭിച്ചതായി പറയുന്ന രസീതിൽ ഉള്ള കയ്യക്ഷരം പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വ്യവസായ വകുപ്പിനും സഹകരണ വകുപ്പിനും കീഴിൽ റജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങളുടെ പേരിലാണ് തട്ടിപ്പു നടത്തിയത്. 
ആറ്റിങ്ങൽ കേന്ദ്രമായുള്ള കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ( കെടിഎഫ്ഐസിഎസ് ലിമിറ്റഡ് ) ആണ് രണ്ടാമത്തെ സ്ഥാപനം. രണ്ട് സംഘങ്ങളുടെയും പ്രസിഡന്റ് കൂന്തള്ളൂർ , കൊല്ലംവിളാകം വീട്ടിൽ എസ്. സജിത്ത് കുമാർ റിമാൻഡിലാണ് . തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ കേസുകൾ ഇന്നലെയും റജിസ്റ്റർ ചെയ്തു. വർക്കല, വെഞ്ഞാറമൂട് മംഗലപുരം സ്റ്റേഷനുകളിലാണ് പുതിയ കേസുകൾ .