വീട് കയറി വെട്ടി ; സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ


മലയിൻകീഴ് : ഗുണ്ടാനേതാവും മോഷ്ടാവുമായ ‘പറക്കുംതളിക’ ബൈജു എന്ന വിക്ടർ ജെയിനെ (42) വീട്ടിൽ കയറി വെട്ടിയ കേസിൽ സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ. ഉറിയാക്കോട് നെടിയവിള കടുക്കാമല ടി.എസ്.എൽ ഭവനത്തിൽ ലിജോ സൂരി (31), പൊന്നെടുത്തക്കുഴി ബെഥേൽ മന്ദിരത്തിൽ സാജൻ സ്റ്റീഫൻ (25), ഇയാളുടെ സഹോദരൻ സാംജി സ്റ്റീഫൻ (28) എന്നിവരാണ് പിടിയിലായത് .കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാംപ്രതി സ്റ്റീഫൻസണിന്റെ (42) മക്കളാണ് സാജനും സാംജിയും. കേസിൽ എല്ലാവരും പിടിയിലായതായി പൊലീസ് പറഞ്ഞു.
പ്രതികൾ ബൈജുവിന്റെ അടുത്ത ബന്ധുക്കളാണ്. ചൊവ്വാഴ്ച രാത്രിയാണ്  ഇവർ ബൈജുവിനെ വീട്ടിൽ കയറി വെട്ടിയത്. ഗുരുതര പരുക്കേറ്റ ബൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
2020 ജനുവരിയിൽ പൊന്നെടുത്താൻകുഴിൽ വച്ച് ബൈജു ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ ലിജോ സൂരിയെ റോഡിലിട്ടു വെട്ടുകയും ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കാട്ടാക്കട ഡിവൈഎസ്പി കെ.എസ്.പ്രശാന്ത്, വിളപ്പിൽശാല ഇൻസ്പെക്ടർ അനീഷ് കരിം, എസ്ഐ വി.ഷിബു , ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.